M T Vasudevan Nair: എം ടിയെ കണ്ടെത്തിയത് ഞാനായിരുന്നു, കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു; കുറിപ്പുമായി മമ്മൂട്ടി

Mammootty About MT Vasudevan Nair: എം ടിയുടെ കയ്യൊപ്പ് പതിഞ്ഞ് നിരവധി കഥാപാത്രങ്ങളെ താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓര്‍ക്കാന്‍ സാധിക്കാതെ മനസ് ശൂന്യമാവുകയാണെന്നും മമ്മൂട്ടി പറയുന്നു.

M T Vasudevan Nair: എം ടിയെ കണ്ടെത്തിയത് ഞാനായിരുന്നു, കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു; കുറിപ്പുമായി മമ്മൂട്ടി

മമ്മൂട്ടിയും എം ടി വാസുദേവന്‍ നായരും

Updated On: 

26 Dec 2024 06:05 AM

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ മമ്മൂട്ടി. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തിയത്. എം ടിയുടെ ഹൃദയത്തിലിടം ലഭിച്ചതാണ് സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഭാഗ്യമെന്ന് മമ്മൂട്ടി പറയുന്നു.

എം ടിയുടെ കയ്യൊപ്പ് പതിഞ്ഞ് നിരവധി കഥാപാത്രങ്ങളെ താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓര്‍ക്കാന്‍ സാധിക്കാതെ മനസ് ശൂന്യമാവുകയാണെന്നും മമ്മൂട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

Also Read: M. T. Vasudevan Nair : പറയാനുള്ളത് പറഞ്ഞുതീര്‍ത്ത എം.ടി; കേരളം ചര്‍ച്ച ചെയ്ത ആ വാക്കുകള്‍

അതേസമയം, എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഡിസംബര്‍ 26, 27 തിയതികളില്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 26 ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതായും അറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് എം ടി മരണത്തിന് കീഴടങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ വ്യാഴാഴ്ചയാണ് സംസ്‌കാരം. വ്യാഴാഴ്ച വൈകീട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. അഞ്ച് മണിയോടെയാകും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.

വീട്ടിലല്ലാതെ മറ്റെവിടെയും തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും ഉള്‍പ്പെടെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് വരെ എം ടി കുടുംബത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എം ടിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും ചടങ്ങുകള്‍ നടക്കുക.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ