M. T. Vasudevan Nair: എം.ടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായി; ‘സിതാര’യിലെത്തി അവസാനമായി കണ്ട് മോഹൻലാൽ
Mohanlal About MT Vasudevan Nair: ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും എംടി വാസുദേവൻ നായരെ ഓർമ്മിച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. മഹാനായ എഴുത്തുകാരനെയാണ് നഷ്ടമായതെന്ന് കമലഹാസനും മലയാളത്തെ മഹോന്നതമാക്കിയതിന് നന്ദിയെന്ന് മഞ്ജു വാര്യരും കുറിച്ചു.
കോഴിക്കോട്: മലയാളത്തിന്റെ ആത്മാവറിഞ്ഞ എംടി വാസുദേവൻ നായരെ അവസാനമായി വീട്ടിലെത്തി കണ്ട് മോഹൻലാൽ. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ പറഞ്ഞു. ഒരു വലിയ മനുഷ്യന്റെ വിയോഗമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെ എംടിയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നതിനിടെയായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
കലാ- രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് എംടിക്ക് ആദരാജ്ഞലി അർപ്പിക്കുന്നത്.
“എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എംടി വാസുദേവൻ നായർ. അമൃതം ഗമയ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. വളരെ അധികം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമുള്ള മനുഷരായിരുന്നു. ഓളവും തീരവും എന്ന സിനിമയുടെ സെറ്റിൽ വച്ച് ഒരുപാട് സംസാരിച്ചിരുന്നു. എന്റെ നാടകങ്ങൾ കാണാനായി അദ്ദേഹം മുംബെെയിൽ വന്നിട്ടുണ്ട്. മലയാളത്തിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാഹിത്യക്കാരൻ, അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്ന കഥകളിലൂടെ അഭിനയിക്കാൻ സാധിച്ച കലാകാരനാണ് ഞാൻ”.- മോഹൻലാൽ പറഞ്ഞു
എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗദാഗ്യമെന്ന് നടൻ മമ്മൂട്ടി കുറിച്ചു. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും എംടി വാസുദേവൻ നായരെ ഓർമ്മിച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. മഹാനായ എഴുത്തുകാരനെയാണ് നഷ്ടമായതെന്ന് കമലഹാസനും മലയാളത്തെ മഹോന്നതമാക്കിയതിന് നന്ദിയെന്ന് മഞ്ജു വാര്യരും കുറിച്ചു.
മമ്മൂട്ടി പങ്കുവച്ച അനുശോചന കുറിപ്പ്
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 15 നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ പ്രവർത്തനം താളം തെറ്റി എന്ന് അറിയിക്കുന്ന മെഡിക്കൽ ബുളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു. മൂന്ന് ദിവസങ്ങളായി മരുന്നിനോചട് പ്രതികരിച്ച എം ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ആ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടായിരുന്നു വിയോഗം. ഇന്ന് വെെകിട്ട് 4.30 വരെ കൊട്ടാരം റോഡിലെ എംടിയുടെ വസതിയായ സിതാരയിൽ പൊതുദർശനമുണ്ടാകും. ശേഷം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.