Suresh Gopi May Resign From Minister Of State Post : ‘സിനിമ ചെയ്തേ മതിയാവൂ’; മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാകാനൊരുങ്ങി സുരേഷ് ഗോപി
Suresh Gopi May Resign From Minister Of State Post : സിനിമാ തിരക്കുകൾ ഉള്ളതിനാൽ കേന്ദ്ര സഹമന്ത്രി സ്ഥാനത്തുനിന്ന് മാറാനൊരുങ്ങി തൃശൂർ എംപി സുരേഷ് ഗോപി. സിനിമ ചെയ്തേ മതിയാവൂ എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്
കേന്ദ്ര സഹമന്ത്രി സ്ഥാനത്തുനിന്ന് മാറാനൊരുങ്ങി സുരേഷ് ഗോപി. സിനിമ ചെയ്തേ മതിയാവൂ എന്നും മന്ത്രി സ്ഥാനം ഒഴിവാക്കിനൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപിക്ക് കേരളത്തിൽ ആദ്യമായി ലോക്സഭാ സീറ്റ് നേടിക്കൊടുത്ത തനിക്ക് ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപി അതൃപ്തനാണെന്നും റിപ്പോർട്ടുകളുണ്ട്.
തനിക്ക് ഏത് വകുപ്പ് തന്നാലും പ്രവർത്തിക്കുമെന്ന് സത്യ പ്രതിജ്ഞ ചടങ്ങിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയാണ് താൻ നില കൊള്ളുന്നതെന്നും കേരളത്തിനുവേണ്ടി താൻ ആഞ്ഞുപിടിച്ച് നിൽക്കും. എംപി എന്ന നിലയിൽ എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും ഏത് വകുപ്പ് എന്നതിന് ഒരു ആഗ്രഹവുമില്ല.ഏത് ചുമതലയും താൻ ഏറ്റെടുക്കും. ഇടയിൽ സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നത ഉണ്ടാക്കാതിരുന്നാൽ മതി. താൻ കേന്ദ്ര സഹമന്ത്രി സ്ഥാനം പോലും വേണ്ടെന്ന് വെച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിന്റെ വി.എസ്. സുനിൽ കുമാറിനെതിരെ 74,686 വോട്ടുകൾക്കാണ് അദ്ദേഹം തൻ്റെ ആധികാരിക വിജയം ഉറപ്പിച്ചത്. ആദ്യം ലോക സഭയിലേക്കും പിന്നെ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും തൃശ്സൂരിൽ പരാജയപ്പെട്ട സുരേഷ് ഗോപി തൻ്റെ മൂന്നാം അങ്കത്തിലാണ് മികച്ച വിജയം നേടിയത്.
2016-ലാണ് സുരേഷ് ഗോപി ബിജെപിയിൽ ചേർന്നത്. ഇടയിൽ അദ്ദേഹം രാജ്യസഭ എംപിയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തൃശ്ശൂരുള്ള നേതാവായതിനാൽ തന്നെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത ഉണ്ടായി എന്നാണ് പരക്കെയുള്ള വിലയിരുത്തൽ.
ആദ്യ ഘട്ടത്തിൽ സുരേഷ് ഗോപി ക്യാബിനെറ്റ് പദവിയിലുള്ള മന്ത്രിയാകും എന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ അദ്ദേഹത്തിന് താൻ ഏറ്റ നാല് സിനിമകൾ ചെയ്യാനുണ്ടെന്നും ക്യാബിനെറ്റ് പദവിയിൽ എത്തിയാൽ ഇത് താമസിച്ചേക്കുമെന്നും കേന്ദ്ര നേതൃത്വത്തിനെ അറിയച്ചതിനാലാണ് സഹമന്ത്രി സ്ഥാനത്തേക്ക് മാറിയതെന്നാണ് സൂചന.
സുരേഷ് ഗോപിയെ കൂടാതെ കേരളത്തിൽ നിന്നും ജോർജ് കുര്യനും സഹമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.