മലയാളിചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ചത് ജോലി സമ്മർദ്ദം മൂലം, മകൾക്ക് നീതി കിട്ടണമെന്ന് അമ്മയുടെ കത്ത്
Malayali Chartered Accountant Anna Sebastian Death: ജോലി ഭാരവും, മണിക്കൂറുകളോളം ജോലിയിൽ തുടരുന്നതും വഴി തൻ്റെ മകൾക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അമ്മ അനിത പറയുന്നു.
കൊച്ചി: അന്തരിച്ച മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അമ്മ. ചാർട്ടേഡ് അക്കൗണ്ടിങ്ങ് മേഖലയിലെ കമ്പനിയായ ഇവൈ-യിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ്റെ മരണത്തിനെതിരെയാണ് അമ്മ അനിത രംഗത്തെത്തിയത്. ജോലി ഭാരവും, മണിക്കൂറുകളോളം ജോലിയിൽ തുടരുന്നതും വഴി തൻ്റെ മകൾക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അനിത കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്കെഴുതിയ കത്തിൽ പറയുന്നു. 2024 മാർച്ച് 19-നാണ് അന്ന ഇ വൈയിൽ എക്സിക്യുട്ടീവായി ചേർന്നത്. രാത്രി വൈകിയും മാനേജർമാർ ജോലികൾ നൽകിയിരുന്നെന്നും കൃത്യമായ ഭക്ഷണം, ഉറക്കം എന്നിവ അന്നയ്ക്ക് ലഭിക്കുന്നില്ലായിരുന്നുവെന്നും വിവിധ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ന്യൂസ് 18 ഉം റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 20-നാണ് അന്ന കുഴഞ്ഞു വീണുവെന്ന വാർത്ത തനിക്ക് ലഭിക്കുന്നത് . മകൾക്ക് വെറും 26 വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും അനിത തൻ്റെ കത്തിൽ പറയുന്നു. പുതിയീ ടീമിൽ (EY) ജോലി ആരംഭിച്ചതിന് പിന്നാലെ കമ്പനിയിൽ നിന്നും നിരവധി പേർ ജോലി സമ്മർദ്ദം മൂലം രാജിവെച്ചത് അന്ന മനസ്സിലാക്കിയിരുന്നു. എന്നാൽ അന്ന ജോലിയിൽ തുടരണമെന്നും കമ്പനിയെ കുറിച്ചും ജോലിയെക്കുറിച്ചുമുള്ള മോശം അഭിപ്രായങ്ങൾ മാറ്റി കൊടുക്കണമെന്നും അവളുടെ മാനേജർമാർ പറഞ്ഞിരുന്നതായി അനിത പറയുന്നു. എന്നാൽ അതിന് പകരം അവൾക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു-കത്തിൽ പറയുന്നു
Heartbreaking news from EY Pune – a young CA succumbed to the work pressure and nobody from EY even attended her funeral – this is so appalling and nasty!!! pic.twitter.com/pt8ThUKiNR
— Malavika Rao (@kaay_rao) September 17, 2024
അവധി ദിവസങ്ങൾ, വീക്കെൻഡുകൾ തുടങ്ങി എല്ലാ ദിവസവും ജോലി നൽകുകയാണ് മാനേജർമാരുടെ പതിവ്. ഒരു ദിവസം അന്നയുടെ ടീമിലെ അസിസ്റ്റൻ്റ് മാനേജർ അർധരാത്രി വിളിച്ച് പിറ്റേന്ന് കൊടുക്കേണ്ട അസൈൻ്മെൻ്റ് നൽകി, തനിക്ക് അൽപ്പം റെസ്റ്റ് വേണമെന്ന് പറഞ്ഞെങ്കിലും രാത്രിയിലും ജോലി ചെയ്യണമെന്നും ഞങ്ങളും ചെയ്യുന്നത് അത് തന്നെയാണെന്നും അയാൾ അന്നയോട് പറഞ്ഞതായി കത്തിൽ പറയുന്നു.
മാത്രമല്ല അന്നയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഇവൈയിൽ നിന്നും ആരും തന്നെ എത്തിയില്ലെന്നും ഒരാൾ പോലും വിവരം വിളിച്ച് പോലും ചോദിച്ചില്ലെന്നും കത്തിൽ ആരോപണമുണ്ട്. അന്നയുടെ മരണത്തിൻ്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കണെന്നും ഇത്തരത്തിലും ജോലി സമ്മർദ്ദങ്ങൾ തുടക്കകാരിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും അനിത തൻ്റെ കത്തിൽ ആവശ്യപ്പെടുന്നു. തൻ്റെ കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയുടെ വേദന ആർക്കെങ്കിലും മനസ്സിലാവുമോ എന്ന് പറഞ്ഞാണ് അനിത തൻ്റെ കത്ത് അവസാനിപ്പിക്കുന്നത്.