Baselious Thomas Catholic Bava: ശ്രേഷ്ഠ ഇടയന് അശ്രുപൂജ; ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറടക്കം ഇന്ന്
Mor Baselious Thomas Catholic Bava Funeral Ceremony: തോമസ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കലാ- രാഷട്രീയ- സാമുദായിക രംഗങ്ങളിലെ പ്രമുഖർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കും
കൊച്ചി: യാക്കോബായ സുറിയാനി സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് ഇന്ന് വിശ്വാസി സമൂഹം വിടചൊല്ലും. ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം വെെകിട്ട് നാല് മണിക്ക് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്ത്രീഡലിൽ നടക്കും. കത്ത്രീഡലിൽ ബാവ നിർദേശിച്ചിടത്ത്, പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ ആണ് സംസ്കാരം. മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർഗ്രിഗോറീയോസ് കാർമ്മിഹത്വത്തിൽ നടക്കും. പാത്രിയാർക്കീസ് ബാവയുടെ രണ്ട് പ്രതിനിധികൾ സംസ്കാര ശുശ്രൂഷകളുടെ ഭാഗമാകും.
ഇന്ന് രാവിലെ 8-ന് പാത്രിയാർക്ക സെന്ററൽ കത്തീഡ്രലിൽ കുർബാനയുണ്ടാകും. രാവിലെ 8.45ന് വീണ്ടും പൊതുദർശനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കലാ- രാഷട്രീയ- സാമുദായിക രംഗങ്ങളിലെ പ്രമുഖർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കും. അന്ത്യാജ്ഞലി അർപ്പിക്കാനായി മുഖ്യമന്ത്രി 11 മണിയോടെ പുത്തൻകുരിശിലെ സഭാ ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം. വെെകിട്ട് 3 ന് ഖബറടക്ക ശുശ്രൂഷകളുടെ സമാപനചടങ്ങുകൾ ആരംഭിക്കും. അമേരിക്ക, യുകെ ആർച്ചുബിഷപ്പുമാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
ഇന്നലെ രാത്രിയോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെന്‍ററിലെത്തിച്ചു. ഇന്നലെ കോതമംഗലത്ത് പൊതുദർശനമുണ്ടായിരുന്നു. കോതമംഗലത്ത് നിന്ന് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തേക്ക് 32 കിലോമീറ്റർ ദൂരമാണ് ഉള്ളത്. 5 മണിക്കൂറോളം നീണ്ട വിലാപയാത്രയക്ക് ശേഷമാണ് ശ്രേഷ്ഠ ഇടയന്റെ മൃതദേഹം സഭാ ആസ്ഥാനത്ത് എത്തിച്ചത്. റോഡിന്റെ ഇരുവശത്തും തങ്ങളുടെ ശ്രേഷ്ഠ ഇടയനെ ഒരു നോക്ക് കാണാനായി വിശ്വാസി സമൂഹം തടിച്ചുകൂടി. പുത്തൻകുരിശ് ടൗണിലെ പൊതുദർശനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു.
ഇന്ന് വൈകിട്ട് മൂന്ന് മണി വരെ പാത്രിയാർക്കീസ് സെന്‍ററിൽ പൊതുദർശനമുണ്ടായിരിക്കും. വെെകിട്ട് 5 മണി വരെ കബറടക്ക ശുശ്രൂഷകൾ നടക്കും. തുടർന്ന് പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്തായിരിക്കും സംസ്‍കാരം നടത്തുക. വ്യാഴാഴ്ച വെെകിട്ട് 5.30- ഓടെയാണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ(95) കാലം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആറ് മാസത്തോളം ചികിത്സയിലായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായിരുന്നു.
പ്രതിസദ്ധി കാലഘട്ടങ്ങളിൽ യാക്കോബായ സഭയ്ക്ക് ധീരമായ നേതൃത്വം നൽകി. ശ്രേഷ്ഠ ബാവ, സഭയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പ്രാർത്ഥനാവേദികളിലും സമരമുഖങ്ങളിലും ഒരുപോലെ സജീവമായിരുന്നു. ഇതിന്റെ പേരിൽ പൊലീസ് മർദ്ദനവും അറസ്റ്റും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. 600- ഓളം കേസുകളിൽ പ്രതിചേർക്കപ്പെട്ടു.
1929 ജൂലെെ 22-ന് എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞാമ്മയുടെയും 8 മക്കളിൽ 6 മകനായാണ് ജനനം. രോഗങ്ങളെ തുടർന്ന് നാലാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. തപാൽവകുപ്പിൽ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു. 1958 സെപ്റ്റംബർ 21-ന് വെെദികനായി. 1974 ഫെബ്രുവരി 24-ന് മെത്രാപ്പൊലീത്തയായി ഡമാസ്കസിൽ പരിശുദ്ധ യാക്കൂബ് തൃതിയൻ പാത്രിയർക്കീസ് ബാവാ അഭിഷേകം ചെയ്തു.