Monsoon Kerala: കാലവർഷം എത്തി; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
Kerala rain alert : ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് റിമാൽ കാരണമായി. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്.
തിരുവനന്തപുരം: നീണ്ട മഴയ്ക്ക് പിന്നാലെ കേരളത്തില്‍ കാലവര്‍ഷം എത്തിയതായി റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് വിവരം സ്ഥിരീകരിച്ചത്. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കാലവര്‍ഷം എത്തിയത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ആഴ്ചയിലെ എല്ലാ ദിവസവും മഴ മുന്നറിയിപ്പുണ്ട്.
മിക്ക ജില്ലകളിലും മഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സാധാരണ നിലയില്‍ ജൂണ്‍ 1 നാണ് കാലവര്‍ഷം എത്തുന്നത്. എന്നാൽ ഇത്തവണ രണ്ട് ദിവസം മുമ്പേ ആരംഭിച്ചു. ജൂണ്‍ 5 ആകുമ്പോഴേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മണ്‍സൂന്‍ വ്യാപിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിലുള്ളത്. റിമാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനവും മഴക്കാലം വേഗമെത്താൻ കാരണമാണ് എന്ന് വിദഗ്ധർ പറയുന്നു.
ALSO READ – മഴ കുറഞ്ഞോ? ഇന്ന് 11 ജില്ലകൾക്ക് യെല്ലോ അലർട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് റിമാൽ കാരണമായി. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. കേരളത്തിൽ എത്തിയതിനു ശേഷം മൺസൂൺ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് നീങ്ങുന്നതെന്നും വിദഗ്ധർ പറയുന്നു.
കേരളത്തിൻ്റെ തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലവിൽ ഉണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന ഒരാഴ്ചയോളം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂൺ 2 വരെ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഇന്നലെ ഉണ്ടായിരുന്നത്.