Monkeypox Case: അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു
Monkeypox Case Confirmed: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതേസമയം, ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു.
എന്താണ് എംപോക്സ്?
ആദ്യം മങ്കിപോക്സ് എന്ന പേരിലറിയപ്പെട്ട വൈറസ് പിന്നീട് എംപോക്സ് എന്ന് മാറ്റുകയായിരുന്നു. വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ ഉയർന്നതോടെയാണ് ലോകാരോഗ്യസംഘടന പേര് മാറ്റിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. ഈ രോഗം കൂടുതലായി കണ്ടുവരുന്നത് മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ് എംപോക്സിൻറെ ലക്ഷണങ്ങൾ. 1970ൽ കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് കണ്ടെത്തിയത്.
രോഗം പകരുന്നത് എങ്ങനെ
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് സാധാരണയായി എംപോക്സ് മനുഷ്യരിലേക്ക് പകരുന്നത്. വിവിധ ഇനം കുരങ്ങുകൾ, അണ്ണാൻ, എലികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
രോഗ ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് വസൂരിക്ക് സമാനമായ കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. കുമിളകൾ കൂടുതലായും കാണപ്പെടുന്നത് മുഖത്തും കൈകാലുകളിലുമാണ്. കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. എംപോക്സ് ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണെന്നാണ് വിദഗ്ധർ പറയുന്നത്. ചില സാഹചര്യങ്ങളിൽ ഇത് അഞ്ച് മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ എംപോക്സിൻ്റെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. എന്നാൽ ഈ രോഗത്തിന് മരണ നിരക്ക് പൊതുവെ കുറവാണ്.
പ്രതിരോധം
അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.