Mohanlal – Uma Thomas: ‘ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി’; ഉമാ തോമസ് എംഎൽഎയെ വീട്ടിലെത്തി സന്ദർശിച്ച് മോഹൻലാൽ
Mohanlal Visits Uma Thomas MLA: ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് നടൻ മോഹൻലാൽ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ കഴിയുന്ന ഉമാ തോമസിനെ വീട്ടിലെത്തിയാണ് മോഹൻലാൽ സന്ദർശിച്ചത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഉമാ തോമസ് അറിയിച്ചു.

വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് മോഹൻലാൽ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പാലാരിവട്ടത്തെ വീട്ടിൽ കഴിയുന്ന ഉമാ തോമസിനെയാണ് മോഹൻലാൽ സന്ദർശിച്ചത്. നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാലിനൊപ്പം നിൽക്കുന്ന തൻ്റെ ചിത്രവും അവർ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം എന്നാണ് ഉമാ തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.




സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം എത്തിയത്. ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു. അപകടവാർത്ത അറിഞ്ഞതുമുതൽ അദ്ദേഹം തൻ്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തെ അനുഭവമായി. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി എന്നും ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ ഉമ തോമസിനെ സന്ദർശിക്കുന്നു
View this post on Instagram
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരത്തെ ഉമാ തോമസിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി ആശുപത്രിയിൽ കുറച്ചുസമയം ചിലവഴിക്കുകയും ചെയ്തു. തനിക്ക് വേണ്ട മികച്ച ചികിത്സ ലഭ്യമാക്കിയതിന് മുഖ്യമന്ത്രിയോട് ഉമ തോമസ് നന്ദി അറിയിച്ചു. എന്നാൽ, മികച്ച ചികിത്സ ലഭ്യമാക്കുക എന്നത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാടൊന്നാകെ ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് വേഗം സുഖപ്പെടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Also Read: Uma Thomas MLA : നിറചിരിയോടെ ഉമ തോമസ്; 46 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു
കഴിഞ്ഞ വർഷം ഡിസംബർ 29നാണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണി നേതൃത്വം നൽകിയ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയുടെ ഉദ്ഘാടനവേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേടത്. അതീവഗുരുതരാവസ്ഥയിൽ കൊച്ചി റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച അവരുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റിരുന്നു. വെറ്റിലേറ്ററിലാണ് ആദ്യം അവരെ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിലേക്ക് മാറ്റി. ആശുപത്രിയിൽ 47 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ഉമാ തോമസ് ഡിസ്ചാർജ് ആയി വീട്ടിലെത്തി. വീട്ടിൽ കുറഞ്ഞത് രണ്ടര മാസത്തെ പരിപൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു അപകടമുണ്ടായത്. താത്കാലികമായി നിർമിച്ച വേദിയിൽ നിന്ന് ഉമാ തോമസ് താഴേക്ക് വീഴുകയായിരുന്നു. പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്കാണ് ഉമാ തോമസ് വീണത്.