Uma Thomas Health Update: എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
MLA Uma Thomas Health Update: തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എംഎൽഎ മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കൊച്ചി: കലൂരിൽ നടന്ന നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വെന്റിലേറ്ററിൽ നിന്നും മാറ്റിയത്. എംഎൽഎയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിനും പുറത്തുവിട്ടിട്ടുണ്ട്. ഒരാഴ്ച്ച വെന്റിലേറ്റിൽ തുടർന്ന ശേഷമാണ് എംഎൽഎയെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരിക്കുന്നത്.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. കൂടാതെ, കൗണ്ടുകളും വൈറ്റൽസും സ്റ്റേബിൾ ആയിട്ടുണ്ട്. ഇതോടെയാണ് ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതെന്ന് വിദഗ്ധ സംഘം അറിയിച്ചു. എന്നാൽ, അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ല. അതിനാൽ, തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരും എന്നും വിദഗ്ധ സംഘം വ്യക്തമാക്കി.
അതേസമയം, തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എംഎൽഎ മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കൂടാതെ, ഉമാ തോമസ് സ്വയം എഴുതിയ ഒരു കുറിപ്പും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാടക വീട്ടിൽ നിന്ന് എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു, മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് എഴുതിയ ആ കുറിപ്പ്.
പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉമാ തോമസും കുടുംബവും കാരണക്കോടത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചയിരുന്നു കുറിപ്പ്. എക്സർസൈസിന്‍റെ ഭാഗമായാണ് എംഎൽഎയോട് ഡോക്ടർമാർ എഴുതാൻ ആവശ്യപ്പെട്ടത്.
ALSO READ: ഉമാ തോമസ് കെെകാലുകൾ അനക്കി, ചിരിച്ചു; ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി: മെഡിക്കൽ ബുള്ളറ്റിൻ
ഇതിനിടെ, നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ വിമർശിച്ചു കൊണ്ട് നടി ഗായത്രി വർഷ രംഗത്തെത്തി. ദിവ്യ ഉണ്ണിയുടെയും സംഘത്തിന്റെയും നൃത്ത പരിപാടിക്കിടെ ആണ് ഉമാ തോമസിന് പരിക്കേൽക്കുന്നത്. എന്നിട്ടും എംഎൽഎയെ കാണാൻ പോലും നടി തയ്യാറായില്ലെന്ന് ഗായത്രി വർഷ പറഞ്ഞു. സംഭവത്തിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യയ്ക്ക് മനസുണ്ടായില്ലെന്നും അവർ വിമർശിച്ചു. ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ സംഘാടകരുടെ പേര് മറച്ചുവെച്ചെന്നും, കലാപ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാധ്യമങ്ങളായി മാറിയെന്നും നടി പറഞ്ഞു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 12000 നർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ മൃദംഗനാദം പരിപാടിയുടെ ഭാഗമായി താത്കാലികമായി ഒരുക്കിയ സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. ഏകദേശം 18 അടി ഉയരത്തിൽ നിന്ന് വീണാണ് ഉമാ തോമസിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഡിസംബർ 29 -ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സ്ലാബിലേക്ക് തലയടിച്ച് വീണ എംഎൽഎയെ ഉടൻ തന്നെ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.