Girl Missing: ആ കുട്ടി സുരക്ഷിതയാണ്; കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി പോലീസ്
Missing Girl In Kochi Has Been Found : കൊച്ചിയിൽ കാണാതായ 12 വയസുകാരിയെ വല്ലാർപാടത്തുനിന്ന് കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് എളമക്കര പോലീസിൻ്റെ അന്വേഷണത്തിനൊടുവിലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ കുട്ടിയെ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കാണാതായത്. വടുതല സ്വദേശിനിയാണ് കുട്ടി. കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതിനൽകുകയായിരുന്നു.
മകൾ വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് മാതാപിതാക്കളാണ് ആദ്യം തിരച്ചിലിനിറങ്ങിയത്. കുട്ടി സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ അറിയിച്ചിരുന്നു. യൂണിഫോമണിഞ്ഞ് സൈക്കിൾ ചവിട്ടി കുട്ടി വീട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. പച്ചാളം കാട്ടുങ്കൽ അമ്പലപരിസരം വരെ കുട്ടിയെ കണ്ടെങ്കിലും അതിന് ശേഷം കാണാതായി. രക്ഷിതാക്കൾ ഏറെ നേരം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെയാണ് പോലീസിൽ പരാതിപ്പെട്ടത്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വല്ലാർപാടത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
മൂന്നാം ഗോശ്രീ പാലത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് വിവരം. അയൽവാസിയായ ജോർജ് ജോയി എന്ന യുവാവ് കുട്ടിയെ കണ്ടതാണ് നിർണായകമായത്. കുട്ടിയെ കാണാതായ വിവരം ടിവിയിൽ കണ്ട് അമ്മ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് കുട്ടി സൈക്കിൾ ചവിട്ടി വരുന്നത് കണ്ടു. സംശയം തോന്നിയതിനാൽ ഉടൻ പോലീസിനെ അറിയിച്ചു. എന്നിട്ട് കുട്ടിയോട് സംസാരിച്ചു കൊണ്ടിരുന്നു. നായരമ്പലത്തുള്ള അമ്മവീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. കുട്ടി ആകെ വിഷമത്തിലായിരുന്നു എന്നും ജോർജ് പറഞ്ഞു.
അനുവാദമില്ലാതെ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോയത് പിടിച്ചെന്നും അതറിഞ്ഞാൽ തങ്ങൾ വഴക്ക് പറയുമെന്ന് ഭയന്നാണ് കുട്ടി മാറിനിന്നതെന്നും മാതാവ് അറിയിച്ചു.