5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല, മോദി പറഞ്ഞത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് പ്രീണനത്തെ കുറിച്ച്: കെ സുരേന്ദ്രന്‍

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എല്‍ഡിഎഫ് ഇപ്പോള്‍ ആയുധമാക്കുകയാണ്. വര്‍ഗീയത ആളിക്കത്തിക്കുകയാണ്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണവും രാഹുലിനെ കെട്ടുകെട്ടിക്കുന്നതിന്റെ ലക്ഷണമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല, മോദി പറഞ്ഞത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് പ്രീണനത്തെ കുറിച്ച്: കെ സുരേന്ദ്രന്‍
K Surendran ( Image - facebook)
shiji-mk
Shiji M K | Published: 22 Apr 2024 10:52 AM

വയനാട്: പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി ചൂണ്ടികാണിച്ചത് കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് ഇരുമുന്നണികള്‍ക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും എന്ന് നോക്കൂ. വിഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പരിഗണന മുസ്ലിങ്ങള്‍ക്ക് മാത്രമാണ്. 19 ശതമാനം ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എല്‍ഡിഎഫ് ഇപ്പോള്‍ ആയുധമാക്കുകയാണ്. വര്‍ഗീയത ആളിക്കത്തിക്കുകയാണ്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണവും രാഹുലിനെ കെട്ടുകെട്ടിക്കുന്നതിന്റെ ലക്ഷണമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി സിപിഐഎമ്മും കോണ്‍ഗ്രസും. മോദി നടത്തിയ ഹിന്ദു-മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലാണ് ഇരു പാര്‍ട്ടികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടും വ്യക്തമാക്കി കഴിഞ്ഞു.

കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് അവര്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നാണ് മോദി പറഞ്ഞത്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

‘രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലിങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുക്കയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?,’ മോദി ചോദിച്ചു.

അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും സ്വത്ത് സര്‍വേ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. നമ്മുടെ സഹോദരിമാര്‍ക്ക് എത്ര സ്വര്‍ണമുണ്ടെന്ന് അവര്‍ അന്വേഷിക്കും. നമ്മുടെ ആദിവാസി കുടുംബങ്ങളുടെ കൈയ്യിലുള്ള വെള്ളി എത്രയുണ്ടെന്ന് രേഖപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തും പണവും എത്രയാണെന്ന് പരിശോധിക്കും. ഇത് മാത്രമല്ല നമ്മുടെ സഹോദരിമാരുചെ കൈയ്യിലുള്ള സ്വര്‍ണവും മറ്റ് സ്വത്തുക്കളും തുല്യമായി പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താന്‍ കോണ്‍ഗ്രസ് സാമ്പത്തികവും സ്ഥാപനപരവുമായ ഒരു സര്‍വേ നടത്തുമെന്നും സ്വത്തുക്കള്‍ പുനര്‍വിതരണം ചെയ്യുമെന്നും അടുത്തിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രസംഗം.