V Sivankutty: ‘സംസ്ഥാനത്ത് റാഗിങ് പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല, റാഗിങ് വിരുദ്ധ സെല്ലുകൾ ആരംഭിക്കുന്നത് പരിഗണനയിൽ’: മന്ത്രി വി ശിവൻകുട്ടി
Minister V Sivankutty on Ragging in Kerala: സംസ്ഥാനത്ത് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും സമൂഹ നന്മയ്ക്ക് നിരക്കാത്ത റാഗിങ്ങ് പോലുള്ള സംവങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ബോധവൽക്കരണ പ്രവർത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്: സംസ്ഥാനത്ത് റാഗിങ്ങ് പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ്ങ് വിരുദ്ധ സെല്ലുകൾ കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും സമൂഹ നന്മയ്ക്ക് നിരക്കാത്ത റാഗിങ്ങ് പോലുള്ള സംവങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ബോധവൽക്കരണ പ്രവർത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ സ്‌കൂളുകളിൽ അച്ചടക്ക സമിതികളും, സ്‌കൂൾ കൗൺസലിംഗ് പദ്ധതിയും, പ്രൊട്ടക്ഷൻ ഗ്രൂപ്പും ഉണ്ട്. ഇതിന്റെയെല്ലാം ഘടന, പ്രവർത്തനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ തലത്തിൽ മാത്രമല്ല കോളേജിൽ ചെല്ലുമ്പോൾ വിദ്യാർഥികൾ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തിൽ തന്നെ സ്വായത്തമാക്കാൻ റാഗിങ്ങ് വിരുദ്ധ സെല്ലിന്റെ പ്രവർത്തനത്തിലൂടെ സാധിക്കണം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. തങ്ങളുടെ വിഷമതകൾ അധ്യാപകരോട് പറയാൻ വിദ്യാർത്ഥികൾക്കും, അതിനനുസരിച്ച് കൂട്ടായി പ്രവർത്തിക്കാൻ അധ്യാപകർക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ALSO READ: ചക്കക്കൊമ്പൻ ഭീതിയിൽ ചിന്നക്കനാൽ, രണ്ട് വീടുകൾ തകർത്തു; കൃഷി നാശം, കെഎസ്ആർടിസിയും തടഞ്ഞു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്‌ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികളും, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ സംരംഭങ്ങളും ഉൾപ്പടെയുള്ള കാര്യങ്ങൾ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാദമിക് ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന് വേണ്ടി ആരംഭിക്കുന്ന പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മ എന്നും മന്ത്രി അറിയിച്ചു.
അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികൾക്ക് വേണ്ടിയും 37 കോടി 80 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉദ്ഘടനവും ശില്പശാലയും ഫെബ്രുവരി 18ന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് പിണറായി വിജയൻ ഉദഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലാതലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും സ്‌കൂൾ തലങ്ങളിലും ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കും എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.