5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

V Sivankutty Controversy : അഞ്ച് ലക്ഷം രൂപ ചോദിച്ചത് നടി നേരിട്ടല്ല; വിവാദങ്ങൾക്കില്ല: പ്രസ്താവന പിൻവലിക്കുന്നു എന്ന് മന്ത്രി വി ശിവൻകുട്ടി

V Sivankutty Responds To The Controversy : സ്കൂൾ കലോത്സവത്തിലെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നടി പണം ചോദിച്ചത് തന്നോടല്ലെന്നും വിവാദങ്ങൾക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു.

V Sivankutty Controversy : അഞ്ച് ലക്ഷം രൂപ ചോദിച്ചത് നടി നേരിട്ടല്ല; വിവാദങ്ങൾക്കില്ല: പ്രസ്താവന പിൻവലിക്കുന്നു എന്ന് മന്ത്രി വി ശിവൻകുട്ടി
വി ശിവൻകുട്ടി (Image Courtesy - V Sivankutty Facebook)
abdul-basith
Abdul Basith | Updated On: 09 Dec 2024 18:03 PM

സ്കൂൾ കലോത്സവത്തിനുള്ള നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ പ്രമുഖ അടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പണം ചോദിച്ചത് നടി നേരിട്ടല്ലെന്നും പ്രസ്താവന പിൻവലിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കലോത്സവം ആരംഭിക്കാനിരിക്കെ വിവാദങ്ങൾക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

നടി അഞ്ച് ലക്ഷം രൂപ ചോദിച്ചത് തന്നോട് നേരിട്ടല്ല എന്ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പ്രസ് സെക്രട്ടറി രാജീവിനോടാണ് നടി പണം ആവശ്യപ്പെട്ടത്. ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ ഇത് വലിയ ചർച്ചയായിരിക്കുന്നു. പ്രതിഫലം വാങ്ങാതെയാണ് പൊതുവെ പ്രമുഖരായ ആളുകൾ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ എത്താറുള്ളത്. പതിനായിരക്കണക്കിന് കുട്ടികളെ ബാധിക്കുന്ന ഒരു വിഷയമാണിത്. കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങൾക്കില്ല. അതുകൊണ്ട് തന്നെ നേരത്തെ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു. ഇതോടുകൂടി ചർച്ചകൾ അവസാനിക്കട്ടെ. ഇതുവരെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ ആരെയും ഏല്പിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

Also Read : Asha Sharath: ‘പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം; ഞാൻ വാങ്ങിക്കാറില്ല’; ആശ ശരത്ത്

കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് വച്ച് നടന്ന പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ സമാപന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ആരോപണം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവിലൂടെയാണ് സിനിമയിലെത്തിയ നടി കേരളത്തോട് അഹങ്കാരം കാണിക്കുന്നു എന്ന് മന്ത്രി ആരോപിച്ചു. അടുത്ത വർഷം ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടക്കാനിരിക്കുന്ന 63ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവതരണ ഗാനത്തുനായി 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം 16,000 കുട്ടികളെ പഠിപ്പിക്കാമോ എന്ന് നടിയോട് ചോദിച്ചു. ആവശ്യം നടി അംഗീകരിച്ചു. പക്ഷേ, പ്രതിഫലമായി ചോദിച്ചത് അഞ്ച് ലക്ഷം രൂപയാണ്. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെ പണം നൽകി കുട്ടികളെ നൃത്തം പഠിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് സാമ്പത്തിക മോഹമില്ലാത്ത നിരവധി അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തീരുമാനിച്ചു എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടിയ്ക്ക് അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്നു. പണം വേണമെന്നാവശ്യപ്പെടുന്നത് തെറ്റല്ലെന്നായിരുന്നു പ്രധാനമായും സോഷ്യൽ മീഡിയയുടെ അഭിപ്രായം. എന്നാൽ, മുൻകാലങ്ങളിൽ പലരും പണം വാങ്ങാതെ ഇത് ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഇവർ പ്രതിഫലം ചോദിച്ചത് ശരിയല്ലെന്നും മറ്റ് ചിലർ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്.

ഇതിനിടെ കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിൽ അവതരണ ഗാനത്തിലെ നൃത്തം ചിട്ടപ്പെടുത്തിയ നടി ആശ ശരത് വിഷയത്തിൽ പ്രതികരിച്ചു. പ്രതിഫലം വാങ്ങാതെയാണ് താൻ നൃത്തം ചിട്ടപ്പെടുത്തിയതെന്ന് ആശ ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം സ്വന്തം ചിലവിലായിരുന്നു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോരുത്തരുടെയും മൂല്യം അവരവർ തീരുമാനിക്കുന്നതാണ്. കഴിഞ്ഞ തവണ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുക എന്നത് തൻ്റെ വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നുവരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ്. ഇത്തവണയും കലോത്സവത്തിനെത്താൻ ആഗ്രഹമുണ്ടെന്നും ആശ ശരത് പ്രതികരിച്ചു.