Pinarayi vijayan:’മൈക്കിന്റെ ആള്‍ ഇങ്ങോട്ട് വന്നാല്‍ നല്ലതായിരുന്നു’; വീണ്ടും മൈക്ക് ചതിച്ചു; നീരസം കാണിക്കാതെ മുഖ്യമന്ത്രി
മൈക്കിന്റെ ആൾ ഇങ്ങോട്ട് വന്നാൽ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എത്തുകയായിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനു മൈക്ക് വീണ്ടും ചതിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഉദ്ഘാടന ചടങ്ങിലായിരുന്നു ഇത്തവണ മൈക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രസംഗം നടത്താൻ മൈക്കിനു അരികിൽ എത്തിയ മുഖ്യമന്ത്രിക്ക് മൈക്കിന്റെ ഉയരമായിരുന്നു പ്രശ്നമായത്. ഈ സമയത്ത് മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിക്കുകയായിരുന്നു.
മൈക്കിന്റെ ആൾ ഇങ്ങോട്ട് വന്നാൽ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എത്തുകയായിരുന്നു. എന്നാൽ ‘‘അവർ ചെയ്തോട്ടെ, നമ്മൾ ചെയ്താൽ ചിലപ്പോൾ പൊട്ടി പോകും’’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി. പിന്നാലെ ഓപ്പറേറ്റര്‍ സ്റ്റേജിലെത്തിയപ്പോള്‍ മൈക്കിന്റെ ദിശ കുറച്ച് മാറ്റി തരാൻ ആവശ്യപ്പെട്ടു. പിന്നാലെ സദസിലും വേദിയിലും കൂട്ടിച്ചിരി. ‘‘ശരിയായി, ശരിയായി’’ എന്ന് മുഖ്യമന്ത്രി.
നേരത്തെ മൈക്ക് പ്രശ്‌നം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ഉമ്മൻചാണ്ടിയുടെ അനുസ്‌മരണ പരിപാടിയിൽ പിണറായി വിജയൻ സംസാരിക്കവെ മൈക്ക് തകരാറിലായത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാലെ പോലീസ് മൈക്ക് ഉടമയ്‌ക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിന് എതിരെ ചുമത്തുന്ന 118 (ഇ) വകുപ്പ് ചേർത്തായിരുന്നു അന്ന് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തത്. അന്ന് മൈക്ക് സെറ്റ് ഉൾപ്പെടെ കസ്‌റ്റഡിയിൽ എടുത്തത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഇടതുമുന്നണിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയും മൈക്ക് വില്ലനായിരുന്നു. അന്ന് പ്രസംഗത്തിനിടെയിൽ മൈക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇത് പരിഹരിച്ച് വീണ്ടും പ്രസംഗം തുടങ്ങിപ്പോൾ മൈക്ക് കൺട്രോൾ ചെയ്തിരുന്ന കേന്ദ്രത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി. ഇതും പെട്ടെന്ന് പരിഹരിച്ച് മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.