Meters Mandatory for Auto Rickshaws: ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’; മാർച്ച് ഒന്ന് മുതൽ ഓട്ടോയിൽ മീറ്റർ, സ്റ്റിക്കർ എന്നിവ നിർബന്ധം
Meter in Auto Rickshaws Compulsory from March 1st: മാർച്ച് ഒന്ന് മുതൽ ഓട്ടോറിക്ഷകളിൽ 'യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം' എന്നെഴുതിയ സ്റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണം.

കൊല്ലം: ഓട്ടോറിക്ഷകളിൽ യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ അഥവാ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ അത് സൗജന്യ യാത്രയായി കാണാക്കപ്പെടുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കി ട്രാൻസ്‌പോർട്ട് കമ്മീഷണർ. ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നതിന്റെ പേരിൽ സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരും പതിവായി സംഘർഷത്തിൽ ഏർപ്പെടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കൊച്ചി സ്വദേശിയായ കെപി മാത്യൂസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദേശമാണ് മാർച്ച് ഒന്ന് മുതൽ പ്രാവർത്തികമാക്കുക. ദുബായിൽ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്ന സമയത്ത് ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് എഴുതിയിട്ടുള്ള സ്റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണം എന്ന് നിയമമുണ്ട്. അത്തരത്തിൽ കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും “യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം’ (If the fare meter is not engaged or not working, your journey is free) എന്നത് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിൻറ് ചെയ്‌ത സ്റ്റിക്കർ യാത്രക്കാർക്ക് അഭിമുഖമായോ ഡ്രൈവിംഗ് സീറ്റിന് പുറകിലായോ പതിച്ചിരിക്കണം. അല്ലെങ്കിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന വലുപ്പത്തിൽ എഴുതി വയ്ക്കണം.
ALSO READ: കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്ക് ലൈസൻസ് വേണ്ട; വലിയ ഇളവുകളുമായി സംസ്ഥാന സർക്കാർ
ഓട്ടോ യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ ദുബായിൽ സർക്കാരിന്റെ ട്രാൻസ്‌പോർട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ള ഓട്ടോകളിൽ സ്റ്റിക്കർ പതിപ്പിക്കുന്ന സമ്പ്രദായം കേരളത്തിലും കൊണ്ട് വരണം എന്നായിരുന്നു കെപി മാത്യൂസിന്റെ നിർദേശം. ജനുവരി 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം ഈ നിർദേശം അംഗീകരിക്കുകയായിരുന്നു. മാർച്ച് ഒന്ന് മുതൽ സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. ഇത്തരത്തിൽ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ വീണ്ടും സർവീസ് നടത്തിയാൽ വലിയ തുക പിഴ ഈടാക്കുകയും ചെയ്യും.
ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഈ നിർദേശങ്ങൾ കൂടി പുതിയതായി ഉൾപ്പെടുത്തും. ഇത് കർശനമായി നടപ്പിലാക്കേണ്ടത് എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാരുടെയും ഉത്തരവാദിത്തം ആണെന്നും, പുതിയ നിർദേശങ്ങൾ നടപ്പിലാകുന്നുണ്ടന്ന് ഉറപ്പ് വരുത്തണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സ്റ്റിക്കർ പതിക്കാതെ എത്തുന്ന ഓട്ടോകളെ ടെസ്റ്റിന് പരിഗണിക്കേണ്ടതില്ലെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.