5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Memorial controversy over CPM: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്മാരകം; പ്രതികരിക്കാതെ പാര്‍ട്ടി

സംഭവം വിവാദമായതോടെ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതൃത്വം. വിഷയവുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്.

Memorial controversy over CPM: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്മാരകം; പ്രതികരിക്കാതെ പാര്‍ട്ടി
shiji-mk
Shiji M K | Updated On: 19 May 2024 13:25 PM

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്മാരകം പണിത് പാര്‍ട്ടി. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം പണിയുന്നത്. സ്മാരകം പണിയാനുള്ള പണം കണ്ടെത്തിയിരിക്കുന്നത് ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ്.

സംഭവം വിവാദമായതോടെ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതൃത്വം. വിഷയവുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തനിക്കൊന്നും പറയാനില്ലെന്നാണ് അറിയിച്ചത്. പാനൂര്‍ ബോംബ് കേസില്‍ പാര്‍ട്ടി വിമര്‍ശനം നേരിടുന്നതിനിടെയാണ് സ്മാരക മന്ദിര വിവാദം ഉയര്‍ന്നത്. കൂടുതല്‍ വിശദീകരിച്ച് ബോംബ് വിഷയം ചര്‍ച്ചയാക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി എന്നാണ് സൂചന.

എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ ഈ വിഷയം ആയുധമാക്കുന്നുണ്ട്. തുടക്കത്തില്‍ തള്ളിപ്പറഞ്ഞ് പിന്നീട് സ്മാരകം നിര്‍മിച്ച് നല്‍കുകയാണ് സിപിഎമ്മിന്റെ രീതിയെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരെയെല്ലാം പാര്‍ട്ടി ആദ്യം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും പിന്നീട് സ്മാരകം പണിത് കൊടുത്ത ചരിത്രമുണ്ടെന്നും ഇരുമുന്നണികളും ആരോപിക്കുന്നുണ്ട്.

ബോബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം സമൂഹത്തിന് നല്‍കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചോദിച്ചു. ലോകത്ത് ഭീകര സംഘടനകള്‍ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് തന്നെ ഭീകര പ്രവര്‍ത്തനത്തെ സിപിഎം താലോലിക്കുന്നു എന്നതിനുള്ള തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.

സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.

2015ലാണ് ഷൈജുവും സുബീഷും ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുന്നത്. കുന്നിന്‍ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അന്ന് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇരുവരെയും തള്ളിപ്പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അറിയിച്ചിരുന്നു. സ്‌ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞിരുന്നതാണ്.

എന്നാല്‍ ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. സംസ്‌കാരം നടത്തിയത് പാര്‍ട്ടി വക ഭൂമിയിലും. ഇരുവരും ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിനിടെ കൊല്ലപ്പെട്ടവരാണ് അതുകൊണ്ടാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്നായിരുന്നു അന്ന് പി ജയരാജന്‍ വിശദീകരണം നല്‍കിയത്.

പിന്നീട് 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിദിനാചരണവും പാര്‍ട്ടി നടത്തുന്നുണ്ട്. 2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരും ഇടംനേടിയിട്ടുണ്ട്.

ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം ഉയരുന്നത്. സ്മാരകം പാര്‍ട്ടി സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററുകളും ഇറങ്ങിയിട്ടുണ്ട്. പാനൂരിനടുത്തുള്ള ചെറ്റക്കണ്ടിയില്‍ എകെജി നഗറിലാണ് സ്മാരകത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്. ഈ മാസം 22നാണ് സ്മാരകത്തിന്റെ ഉദ്ഘാടനം എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.