Mavelikara Dog Attack : മാവേലിക്കരയിൽ ഒരു ദിവസം 75 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Alappuzha Mavelikara Stray Dog Attack : കഴിഞ്ഞ ദിവസമാണ് നായയെ മാവേലിക്കരയിൽ ഒരാളുടെ പറമ്പിൽ നിന്നും ചത്തനിലയിൽ കണ്ടെത്തിയത്. നഗരസഭ ഇടപ്പെട്ട് നായയുടെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.

ആലപ്പുഴ : ഒരൊറ്റ ദിവസം കൊണ്ട് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ 75 പേരെ കടിച്ച തെരുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്തനിലയിൽ കണ്ടെത്തിയ നായയെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയതിന് ശേഷമാണ് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ നാലാം തീയതിയാണ് മാവേലിക്കര നഗരത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റവള്ളവിൽ 75 പേർക്ക് നായയുടെ കടിയേൽക്കുന്നത്. തുടർന്ന് നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെ ഏപ്രിൽ ആറാം തീയതി വൈകിട്ടോടെയാണ് മാവേലിക്കര നഗരപരിധിയിലുള്ള ഒരാളുടെ പറമ്പിൽ നായയെ ചത്തനിലയിൽ കണ്ടെത്തിയത്. നായയെ കണ്ടെത്താൻ വൈകിയതിൽ നാട്ടുകാരുടെ പ്രതിഷേധം ഉയരുകയും ചെയ്തു. ചത്ത നായയെ കുഴിച്ചിടുകയും ചെയ്തു. നഗരസഭ ഇടപ്പെട്ടാണ് കുഴിച്ചിട്ട നായയെ പുറത്തെടുത്ത്, പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റ പരിക്കേറ്റത്. പരിക്കേറ്റർ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ മറ്റ് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.