Gold Raid: ഫ്ലാറ്റിൽ റെയിഡ്, കണ്ടെത്തിയ സ്വർണത്തിൻ്റെ വില കേട്ട് പോലീസുകാർ പോലും ഞെട്ടി
അച്ഛനും മകനും ചേർന്നാണ് ഫ്ലാറ്റ് വാടകക്ക് എടുത്തതെന്നാണ് വിവരം. സ്വർണ്ണത്തിൻ്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായാണ് സംശയം, അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Gold Raid
അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ഫ്ലാറ്റിൽ അനധികൃതമായി കുറച്ച് സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്നാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും പാൽഡിയിലെ മഹാലക്ഷ്മി ക്രോസ്റോഡിലുള്ള അവിഷ്കർ അപ്പാർട്ട്മെൻ്റിൽ റെയിഡിന് എത്തിയത്. എന്നാൽ പരിശോധന തുടങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയത്. പരിശോധനയിൽ 90 കിലോ സ്വർണമാണ് കണ്ടെത്തിയത്. നിലവിലത്തെ വിപണി വില വെച്ച് നോക്കിയാൽ 100 കോടിയാണ് വരുന്ന ഏകദേശ വില.
ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വൻതോതിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും പാൽഡിയിലെ ഒരു റെസിഡൻഷ്യൽ യൂണിറ്റിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു എടിഎസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത റെയ്ഡിന് സംഘം എത്തിയത്. 90 മുതൽ 100 കിലോഗ്രാം വരെ ഭാരമുള്ള ആഭരണങ്ങളും ബിസ്കറ്റുകളും വില കൂടിയ വാച്ചുകളുമടക്കം അടങ്ങുന്നതാണ് കണ്ടെത്തിയവ.
ഗാന്ധിനഗർ കലോൽ സ്വദേശികളായ മഹേന്ദ്രഷാ ഇയാളുട മകൻ മേഘ് ഷാ എന്നിവർ ചേർന്നാണ് ഫ്ലാറ്റ് വാടകക്ക് എടുത്തതെന്നാണ് വിവരം. സ്വർണ്ണത്തിൻ്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായാണ് സംശയം. സ്വർണം, പണം, രേഖകൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൂടാതെ വിവിധ ബിനാമി സ്വത്ത് ഇടപാടുകളും മേഘ് ഷായുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.