AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Masappadi Case: എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; വീണയ്ക്കും സിഎംആർഎല്ലിനും താത്കാലികാശ്വാസം

Monthly Payment Case: കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പകര്‍പ്പ് ലഭിച്ചതിന് ശേഷം കുറ്റപത്രം ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ സമീപിക്കാന്‍ സിഎംആര്‍എല്ലിന് കഴിയും

Masappadi Case: എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; വീണയ്ക്കും സിഎംആർഎല്ലിനും താത്കാലികാശ്വാസം
വീണാ വിജയന്‍, കേരള ഹൈക്കോടതി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 16 Apr 2025 14:28 PM

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും, സിഎംആര്‍എല്ലിനും താല്‍ക്കാലികാശ്വാസം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തേക്ക് തല്‍സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിഎംആര്‍എല്ലും, കേന്ദ്രസര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് രണ്ട് മാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ, എസ്എഫ്ഐഒ സമര്‍പ്പിച്ച പരാതി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ സ്വീകരിച്ചിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി പ്രതികള്‍ക്ക് നോട്ടീസ് അയക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

ജസ്റ്റിസ് ടി.ആര്‍. രവിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. വേനലവധി കഴിഞ്ഞ് ഇനി കോടതി ചേരുമ്പോള്‍ ഹര്‍ജി പരിഗണിക്കും. സിഎംആർഎൽ എം.‍ഡി ശശിധരൻ കർത്ത, വീണ വിജയൻ തുടങ്ങിയവരെ പ്രതികളാക്കിയാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനം. വിശദമായ വാദം കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതോടെയാണ് രണ്ട് മാസത്തേക്ക് തുടര്‍ നടപടികള്‍ തടഞ്ഞത്.

Read Also: Divya S Iyer: ദിവ്യയുടെ അഭിനന്ദനം രാഷ്ട്രീയ തലത്തിലേക്ക് മാറി; സദ്ദുദേശപരമെങ്കിലും വീഴ്ച സംഭവിച്ചതായി ശബരിനാഥന്‍

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരാതിയായി കണക്കാക്കണമെന്നും, അത് പൊലീസ് റിപ്പോര്‍ട്ടല്ലെന്നും സിഎംആര്‍എല്‍ പറയുന്നു. തങ്ങളെ കേൾക്കാതെയാണ് സെഷൻസ് കോടതിയുടെ നടപടിയെന്നും സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടി.

കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പകര്‍പ്പ് ലഭിച്ചതിന് ശേഷം കുറ്റപത്രം ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ സമീപിക്കാന്‍ സിഎംആര്‍എല്ലിന് കഴിയും. ചെയ്യാത്ത സേവനത്തിന് വീണയുടെ എക്‌സാലോജികിന് സിഎംആര്‍എല്‍ 2.70 കോടിയോളം രൂപ നല്‍കിയെന്നാണ് കുറ്റപത്രത്തിലുള്ളത്.