Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Man's Miraculous Return to Life:കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്കാണ് കൂത്തുപറമ്പിൽ സംസ്കാരം നിശ്ചയിച്ചത്. ഇതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അതിനിടെയാണ് ഞെട്ടിച്ച് പവിത്രൻ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ്. മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയ കൂത്തുപറമ്പ് സ്വദേശി പവിത്രനാണ് (67) വീണ്ടും പുതുജീവിതിത്തിലേക്ക് കണ്ണുതുറന്നത്. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേ (ഐസിയു) ക്ക് മാറ്റി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലെ എകെജി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിക്കാൻ പവിത്രനെ കൊണ്ടുവന്നത്. വാർഡ് അംഗം വഴി രാത്രി തന്നെ മരണവാർത്ത മാധ്യമങ്ങൾക്കു നൽകി. മരണവാർത്ത പത്രങ്ങളിലും വന്നിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്കാണ് കൂത്തുപറമ്പിൽ സംസ്കാരം നിശ്ചയിച്ചത്. ഇതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അതിനിടെയാണ് ഞെട്ടിച്ച് പവിത്രൻ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ശ്വാസരോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി പവിത്രൻ ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗം മൂർച്ഛിച്ചതോടെയാണ് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ ഞായറാഴ്ച മംഗളൂരുവിലേക്കു കൊണ്ടുപോയത്.അവിടെ 2 ആശുപത്രികളിലായി വൻതുക മരുന്നിനും ചികിത്സയ്ക്കുമായി അടച്ചു. എന്നാൽ പിന്നീട് പണം അടയ്ക്കാൻ ഇല്ലാതായി. അടുത്ത ദിവസം അടച്ചാൽ മതിയോ എന്നു ചോദിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ല. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്നും ഡോക്ടർമാർ വിധിച്ചിരുന്നു. ഇതോടെയാണ് നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയത്. എന്നാൽ മരണവിവരം മംഗളൂരു ആശുപത്രിയിൽ നിന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ നാട്ടിലേക്ക് പോകുന്നതിനിടെ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ച് മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ മംഗളൂരുവിലെ ആശുപത്രി അധികൃതർ നിർദേശിച്ചതായും ബന്ധുക്കൾ പറഞ്ഞിരുന്നു.
ഇതിനിടെയിലാണ് പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലെത്തിയത്. തുടർന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് മോർച്ചറി ജീവനക്കാരൻ പവിത്രന് ജീവനുണ്ടെന്ന് ശ്രദ്ധിച്ചത്. ആംബുലന്‍സ് തുറന്ന സമയത്ത് കൈ അനങ്ങുന്നത് പോലെ സംശയം തോന്നിയാണ് ശ്രദ്ധിക്കുന്നതെന്ന് ആശുപത്രി ജീവനക്കാരന്‍ പ്രതികരിച്ചു.ഗൾഫിലായിരുന്നു പവിത്രന് ജോലി. എന്നാൽ കഴിഞ്ഞ ഏതാനും വർഷം മുൻപാണ് നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്.