Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Mannarkkad Nabeesa Murder Case Court Verdict : 2016 ജൂണ്‍ 22നാണ് സംഭവം നടന്നത്. ജൂണ്‍ 21ന് നൊട്ടന്മലയിലെ ബന്ധുവീട്ടിലേക്ക് നബീസ പോയിരുന്നു. 22ന് ബഷീര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് നബീസയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നോമ്പ് കഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കി. പിന്നീട് പ്രതികള്‍ ബലപ്രയോഗത്തിലൂടെ വായില്‍ വിഷം ഒഴിച്ച് നല്‍കിയെന്നാണ് കേസ്
പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി കരിമ്പുഴ തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസ (71) കൊലപ്പെടുത്തിയ കേസില്‍, കൊച്ചുമകന്‍ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴയും നല്‍കണം. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. നബീസയുടെ മകളുടെ മകനാണ് ബഷീര്‍.
2016 ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂണ്‍ 21ന് നൊട്ടന്മലയിലെ ബന്ധുവീട്ടിലേക്ക് നബീസ പോയിരുന്നു. 22ന് ബഷീര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് ഇവര്‍ നബീസയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നോമ്പ് കഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ആഹാരത്തില്‍ വിഷം നല്‍കിയിട്ടും നബീസ മരിക്കാത്തതിനാല്‍, പ്രതികള്‍ ബലപ്രയോഗത്തിലൂടെ വായില്‍ വിഷം ഒഴിച്ച് നല്‍കിയെന്നാണ് കേസ്. ബലപ്രയോഗത്തിനിടെ നബീസയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് പുലര്‍ച്ചെയോടെ പ്രതികള്‍ നബീസയുടെ മരണം ഉറപ്പാക്കി.
നബീസയുടെ മൃതദേഹം ബഷീറിന്റെ കാറില്‍ സൂക്ഷിച്ച പ്രതികള്‍, 23ന് പുലര്‍ച്ചെ ആര്യമ്പാവില്‍ ഉപേക്ഷിച്ചു. 24ന് രാവിലെ ആര്യാമ്പാവ് ചെട്ടിക്കാട് ഭാഗത്തുനിന്ന് നബീസയുടെ മൃതദേഹം കണ്ടെത്തി. നബീസയുടെ മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ ഇവരെ കാണാനില്ലെന്ന് പ്രതികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങി.
എഴുതാന്‍ അറിയാത്ത ആളുടെ ആത്മഹത്യാക്കുറിപ്പ് !
നബീസയുടെ മൃതദേഹത്തിന് സമീപം ലഭിച്ച ബാഗില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പും, ഫോണും കണ്ടെടുത്തിരുന്നു. കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത് ഈ ആത്മഹത്യാക്കുറിപ്പാണ്. നബീസയ്ക്ക് എഴുതാനോ വായിക്കാനോ അറിയില്ലെന്നായിരുന്നു ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിലെ ദുരൂഹതയാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റും പ്രതികളെ പിടികൂടാന്‍ പൊലീസിന് പ്രയോജനപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍
വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ബഷീറിനെയും ഫസീലയെയും വീട്ടില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ബഷീറിന്റെ മാതാവിന്റെ സ്വര്‍ണം കാണാതായതിലെ സംശയങ്ങള്‍ പുറത്തുവരാതിരിക്കാനും, സ്വര്‍ണമോഷണത്തെക്കുറിച്ച് നബീസ ബന്ധുക്കളോട് പറഞ്ഞതിലുള്ള വൈരാഗ്യം കൊണ്ടുമാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫസീലയുടെ 43 പവന്‍ സ്വര്‍ണം കാണാതായിരുന്നു. ഇത് നബീസ എടുത്തെന്നായിരുന്നു ഫസീലയുടെ ആരോപണം. എന്നാല്‍ ഇത് ഫസീല തന്നെ ഒളിപ്പിച്ചതാണെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.
ഭര്‍തൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഫസീല നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം കഠിനത്തടവും പിഴയുമായിരുന്നു ശിക്ഷ. കേസില്‍ ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. നബീസ കേസില്‍ ശാസ്ത്രീയ എട്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. ശാസ്ത്രീയമായ തെളിവുകളും, സാഹചര്യത്തെളിവുകളും നിര്‍ണായകമായി. 35 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊലപാതക കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.