Mannar Kala Murder: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്, സെപ്ടിക് ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം
വീട്ടിൽ നിന്ന് പോയിട്ടും കല രണ്ട് വട്ടം ഫോണിൽ വിളിച്ചെന്ന കലയുടെ സഹോദരൻ്റെ ഭാര്യയുടെയും അമ്മയുടെയും മൊഴിയിൽ പോലീസും അൽപ്പം കുഴങ്ങി. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയാണ് ഇനിയുള്ള പോലീസിൻ്റെ ലക്ഷ്യം
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ ഒരു സ്ത്രീയുടെ തിരോധാനത്തിന് തുമ്പുണ്ടായിരിക്കുകയാണ് ആലപ്പുഴയിൽ. ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളാണ് മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിലിൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനിലിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ള നാല് പേരും കുറ്റം സമ്മതിച്ചിട്ടില്ല. ഇസ്രയേലിലാണ് അനിൽ ജോലി ചെയ്യുന്നത്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2008-2009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്.
കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു ഭർത്താവ് അനിലും പറഞ്ഞിരുന്നത്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും രണ്ട് ജാതിക്കാരായിരുന്നു, വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ് മറി കടന്നായിരുന്നു ഇവരുടെ വിവാഹം.
അനിലും കലയും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയിൽ മർദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം മൃതദേഹം സെപ്ടിക് ടാങ്കിൽ കുഴിച്ചിടുകായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള അനിലിൻ്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുന്നതാണ് കേസിൽ വഴിത്തിരിവാകുന്നത്.
എന്നാൽ വീട്ടിൽ നിന്ന് പോയിട്ടും കല രണ്ട് വട്ടം ഫോണിൽ വിളിച്ചെന്ന കലയുടെ സഹോദരൻ്റെ ഭാര്യയുടെയും അമ്മയുടെയും മൊഴിയിൽ പോലീസും അൽപ്പം കുഴങ്ങി. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയാണ് ഇനിയുള്ള പോലീസിൻ്റെ ലക്ഷ്യം. ഇതിന് ഫൊറൻസിക് വിഭാഗത്തിൻ്റെ വിശദമായ പരിശോധന തന്നെ വേണം.