Mannar Kala Murder Case: മാന്നാര്‍ കല കൊലപാതകക്കേസ്; അനില്‍കുമാറിനെ നാട്ടിലെത്തിക്കല്‍ എളുപ്പമാകില്ല, രാസ പരിശോധന ഫലം വൈകും
Mannar Kala Murder Case Updates: 2009ല്‍ കാണാതായ മാന്നാര്‍ എരമത്തൂര്‍ സ്വദേശി ശ്രീകല എന്ന കലയുടേത് കൊലപാതകമാണെന്ന് ഈയടുത്താണ് പുറത്തുവന്നത്. കലയുടെ ഭര്‍ത്താവ് അനില്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്നാണ് കേസ്.
ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ കലയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ച് അന്വേഷണസംഘം. അനില്‍ കുമാറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായുള്ള അപേക്ഷയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. നേരത്തെ അയച്ച അപേക്ഷ മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാന്‍ വൈകുമെന്നാണ് സൂചന.
അതേസമയം, അനില്‍ കുമാര്‍ വിദേശത്ത് നിന്ന് ബന്ധുക്കളെ ബന്ധപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പുതിയ നമ്പറില്‍ വാട്‌സ്ആപ്പ് വഴിയാണ് ബന്ധപ്പെടുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ നമ്പര്‍ ഉപയോഗിച്ച് ഇയാള്‍ വീട്ടുകാരില്‍ നിന്നും അന്വേഷണ വിവരങ്ങള്‍ അറിയുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
2009ല്‍ കാണാതായ മാന്നാര്‍ എരമത്തൂര്‍ സ്വദേശി ശ്രീകല എന്ന കലയുടേത് കൊലപാതകമാണെന്ന് ഈയടുത്താണ് പുറത്തുവന്നത്. കലയുടെ ഭര്‍ത്താവ് അനില്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്നാണ് കേസ്. കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വെച്ചാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മൃതദേഹം മറവ് ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നില്ല.
കേസില്‍ ഇതുവരെ അറസ്റ്റിലായ അനില്‍കുമാറിന്റെ ബന്ധുക്കള്‍ കൂടിയായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒമ്പത് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ തെളിവുകള്‍ ഒന്നും പോലീസിന് കണ്ടെത്താനായിരുന്നില്ല. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധനഫലം വേഗത്തില്‍ ലഭ്യമാക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പരിശോധന ഫലം ലഭിക്കാന്‍ ഇനിയും ഏറെ കാത്തിരിക്കണമെന്നാണ് പുറത്തുവരുന്ന വിവരം.