Mannar Kala Murder: ‘കലയുടെ മൃതദേഹം മാരുതികാറിന്റെ സീറ്റില്‍ ചാരികിടത്തിയത് കണ്ടിരുന്നു’; വെളിപ്പെടുത്തലുമായി അയല്‍വാസി
Mannar Kala Murder Case Latest Updates: അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയ ശേഷം സോമനെ പോലീസ് വിളിപ്പിച്ചിരുന്നു. കലയെ കൊന്നതാണെന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് സോമനെ വിളിപ്പിച്ചത്. ആ സമയത്ത് തന്നെ സോമന്‍ പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാന്നാര്‍: കല കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസി. മൃതദേഹം സംഭവം നടന്ന ദിവസം തന്നെ താന്‍ കണ്ടിരുന്നുവെന്ന് കലയുടെ ഭര്‍ത്താവ് അനിലിന്റെ അയല്‍വാസിയായ സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം മറവ് ചെയ്യാനായി പ്രതികള്‍ തന്റെ സഹായം തേടിയിരുന്നുവെന്നാണ് സോമന്‍ പറയുന്നത്. പ്രതികളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും അയാളുടെ മുഖം വ്യക്തമായിരുന്നില്ലയെന്നും സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് ഇരമത്തൂരിലെ ഐക്കര ജങ്ഷനില്‍ തനിക്കൊരു ചായക്കടയുണ്ടായിരുന്നു. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാല്‍വണ്ടി കാത്ത് കടയില്‍ കിടക്കുമ്പോള്‍ ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്‌കുമാര്‍ തന്നെ വന്ന് വിളിച്ചു. അപ്പോള്‍ സമയം ഏകദേശം പന്ത്രണ്ടര ആയിട്ടുണ്ടാകും. ഒരു സഹായം ചെയ്യണമെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.
Also Read: Kerala Rain Alert: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അന്ന് താന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റാണ്. തന്നോട് കാര്യം ഒന്നും പറയാതെ ചിറ്റമ്പലം ജങ്ഷനിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ കലയെ ഒരു വെള്ള മാരുതി കാറിന്റെ പിന്‍സീറ്റില്‍ ചാരി കിടത്തിയിരിക്കുന്നതാണ് കണ്ടത്. ആ സീറ്റില്‍ തന്നെ പ്രതികളിലൊരാളായ ജിനുവും ഉണ്ട്. കാര്‍ ഓടിക്കുന്നത് മറ്റൊരു പ്രതിയായ പ്രമോദാണ്. മുന്നില്‍ സീറ്റില്‍ കലയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അനിലുണ്ട്. മറ്റൊരാള്‍ കാറിന്റെ പുറത്ത് നിന്നിരുന്നു, പക്ഷെ അവിടെ വെളിച്ചം കുറവായതിനാല്‍ ആളുടെ മുഖം കാണാനായില്ല.
മാത്രമല്ല, കാറിനുള്ളില്‍ മണ്‍വെട്ടി, പിക്കാസ്, കയര്‍ ഇതെല്ലാമുണ്ടായിരുന്നു. മൃതദേഹം മറവ് ചെയ്യാന്‍ സഹായിക്കാനാണ് അവര്‍ തന്നെ വന്നുകണ്ടത്. എന്നാല്‍ അതിന് കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞ് താന്‍ അവിടെ നിന്ന് മടങ്ങി. അവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാല്‍ ഭയംകൊണ്ടാണ് ആരോടും ഇക്കാര്യം പറയാതിരുന്നത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അനിലിന്റെ വീട്ടില്‍വെച്ച് ആ കാര്‍ കഴുകുന്നത് കണ്ടിരുന്നു. എന്നാല്‍ പിന്നീട് ആ കാര്‍ കണ്ടിട്ടില്ലെന്നും സോമന്‍ പറഞ്ഞു.
അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയ ശേഷം സോമനെ പോലീസ് വിളിപ്പിച്ചിരുന്നു. കലയെ കൊന്നതാണെന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് സോമനെ വിളിപ്പിച്ചത്. ആ സമയത്ത് തന്നെ സോമന്‍ പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൊഴിയെടുത്ത ശേഷം തന്നെ പോലീസ് മാറ്റിനിര്‍ത്തിയെന്നും കേസിലെ മാപ്പുസാക്ഷിയായ സുരേഷിനോടാണ് കാര്യങ്ങള്‍ ചോദിച്ചതെന്നും സോമന്‍ പറഞ്ഞു. എന്തുകൊണ്ടാണ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാംപ്രതി അനിലിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷം ബാക്കി തെളിവെടുപ്പ് നടത്താമെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കും.
അനിലിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോള്‍ മുഖേന ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങള്‍ സിബിഐക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുന്നത് ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലിലാണ് പോലീസ്.
കേസിലെ മാപ്പുസാക്ഷിയായ സുരേഷ് തന്നോടും വിവരം പറഞ്ഞതായി മുരളീധരന്‍ എന്നയാളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരെല്ലാം ഇത്രയും കാലം ഈ വിവരം മറച്ച് വെച്ചതെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിലെ കാരണവും പോലീസ് പരിശോധിക്കുന്നുണ്ട്.