Mannar Kala Murder Case : കല്ലുവരെ പൊടിഞ്ഞു പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്ക് നിറയെ …മാന്നാറിൽ നടന്നത് തെളിവു നശിപ്പിക്കാനുള്ള നീണ്ട ശ്രമം
Mannar Kala Murder: ടാങ്ക് തുറന്നപ്പോൾ തന്നെ കെമിക്കൽ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നതായും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കെമിക്കൽ ടാങ്കിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിൽ അസ്ഥിവരെ പൊടിഞ്ഞുപോകാനുള്ള സാധ്യതയും കൂടുതലാണ്.
മാന്നാർ: മാന്നാർ കൊലപാതകക്കേസിൽ (Mannar Kala Murder Case) യുവതിയുടെ ശരീരം കൊലപ്പെടുത്തിയശേഷം മറവുചെയ്തെന്നു കരുതപ്പെടുന്ന സെപ്റ്റിക് ടാങ്ക് പരിശോധിച്ചപ്പോൾ കണ്ടത് കല്ലു പോലും ഉരുകി പോകുന്ന വിധത്തിലുള്ളകെമിക്കലിന്റെ സാന്നിധ്യം. സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കാൻ പോലീസിനെ സഹായിക്കാൻ എത്തിയ തിരുവല്ല സ്വദേശി എസ്. സോമനാണ് ഇക്കാര്യം പറഞ്ഞത്. ഇലന്തൂർ നരബലിക്കേസിൽ ഉൾപ്പെടെ മൃതദേഹം പുറത്തെടുത്ത് പോലീസിനെ സഹായിക്കാൻ സോമൻ എത്തിയിട്ടുണ്ട്.
15 വർഷം മുൻപ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതപ്പെടുന്നത്. സ്ത്രീകളുടെ ഉൾവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയർ ക്ലിപ്പ് തുടങ്ങിയവ ടാങ്കിൽനിന്ന് ലഭിച്ചിരുന്നു.
സെപ്റ്റിക് ടാങ്കിൽ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായാണ് നിഗമനം. സെപ്റ്റിക് ടാങ്കിൽ നിറയെ രാസപദാർഥം ഉണ്ടായിരുന്നതായും സോമൻ വെളിപ്പെടുത്തി. സെപ്റ്റിക് ടാങ്കിലെ കല്ല് വരെ തൊട്ടാൽ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാങ്ക് തുറന്നപ്പോൾ തന്നെ കെമിക്കൽ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നതായും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കെമിക്കൽ ടാങ്കിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിൽ അസ്ഥിവരെ പൊടിഞ്ഞുപോകാനുള്ള സാധ്യതയും കൂടുതലാണ്. ടാങ്കിൽ അരിച്ചുപെറുക്കിയാണ് പലതും കണ്ടെടുത്തിട്ടുള്ളത്.
ALSO READ : മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി
കൂടാതെ അവരുടെ പഴയവീടിന്റെ അവശിഷ്ടങ്ങളെല്ലാം ടാങ്കിന്റെ മുകളിലായിരുന്നു ഉണ്ടായിരുന്നത്. ടാങ്കിന്റെ മൂടി തുറന്നപ്പോൾ തന്നെ വെള്ളത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. ടാങ്കിൽ നിന്ന് കണ്ടെടുത്തവയിൽ മൃതശരീരഭാഗങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും 70 ശതമാനം ഉറപ്പിക്കാം എന്ന നിഗമനത്തിലാണ് അധികൃതർ. കണ്ടെടുത്ത എല്ലാ വസ്തുക്കളും ഫൊറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.
സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്കിടെ സോമന് കാലിന് പരിക്കേറ്റിരുന്നു എന്നാണ് നിലവിലെ വിവരം. ടാങ്കിന്റെ സ്ലാബുകൾ നീക്കുന്നതിനിടെയാണ് കാലിൽ പരിക്കേറ്റത്. എന്നാൽ പരിക്ക് കാര്യമാക്കാതെ ജോലി തുടരുകയായിരുന്നു സോമൻ. മുറിവിൽ ഡെറ്റോൾ ഒഴിച്ച് പ്ലാസ്റ്റിക് കവർകൊണ്ട് കാല് മൂടിയശേഷമാണ് ജോലി തുടർന്നത്.
15 വർഷം മുൻപ് കാണാതായ ഒരു സ്ത്രീയുടെ തിരോധാനമാണ് ഈ സംഭവങ്ങൾക്ക് തുടക്കമായത്. ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നും കണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. കലയുടെ ഭർത്താവ് അനിലിൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലുള്ള നാല് പേരും കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിയെന്നു പറയപ്പെടുന്ന അനിൽ ജോലി ചെയ്യുന്നത് ഇസ്രയേലിലാണ്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2008-2009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്. കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു അനിൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല.
വീട്ടുകാരുടെ എതിർപ്പ് മറി കടന്നാണ് അനിലും കലയും വിവാഹം ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയിൽ മർദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള അനിലിൻ്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുന്നതോടെയാമ് ഈ കേസിന്റെ സത്യങ്ങളും പുറത്തു വരുന്നത്.