പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല; മുബീൻ സ്വന്തം അനുജൻ; അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു എന്ന് മനാഫ് | Manaf And Mubeen Address Allegations Made By Arjuns Family During Press Conference Malayalam news - Malayalam Tv9

Arjun Rescue Mission: പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല; മുബീൻ സ്വന്തം അനുജൻ; അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു എന്ന് മനാഫ്

Updated On: 

03 Oct 2024 17:58 PM

Manaf And Mubeen Press Conference : തനിക്കെതിരെ അർജുൻ്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് ലോറി ഉടമയായ മനാഫ്. അർജുൻ്റെ പേരിൽ പണപ്പിവ് നടത്തിയിട്ടില്ലെങ്കിലും മുബീൻ തൻ്റെ സ്വന്തം അനുജനാണെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Arjun Rescue Mission: പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല; മുബീൻ സ്വന്തം അനുജൻ; അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു എന്ന് മനാഫ്

മനാഫ്, അർജുൻ (Image Courtesy - Social Media)

Follow Us On

അർജുൻ്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മനാഫ്. പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല. ആർക്ക് വേണമെങ്കിലും തൻ്റെ അക്കൗണ്ട് പരിശോധിക്കാം. അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കിൽ മാപ്പ് പറയുകയാണ്. വൈകാരികമായി സമീപിക്കുന്നതാണ് തൻ്റെ രീതി. അതാണ് പ്രശ്നമായത്. ഇന്നത്തോട് കൂടി ഈ വിഷയം അവസാനിക്കണമെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതോട് കൂടി വിഷയങ്ങൾ അവസാനിക്കണം. ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. മുബീൻ സ്വന്തം അനുജനാണ്. ഞങ്ങൾ ഒരു വാപ്പയുടെയും ഉമ്മയുടെയും മക്കളാണ്. അവനാണ് വാഹനത്തിൻ്റെ ആർസി ഓണർ എന്ന് മനാഫ് പ്രതികരിച്ചു. വാഹനത്തിൻ്റെ ആർസി ഓണർ താനാണ് എന്ന് മുബീൻ പ്രതികരിച്ചു. ഞങ്ങൾ രണ്ട് പേരും പാർട്ണർഷിപ്പിൽ കച്ചവടം നടത്തുന്ന ആളുകളാണ്. ഞങ്ങൾ രണ്ട് പേരുടേതുമാണ് വാഹനം. ബിസിനസൊക്കെ ഞങ്ങൾ ഒരുമിച്ചാണ് നടത്തുന്നത് എന്നും മുബീൻ പറഞ്ഞു.

Also Read : Arjun Rescue Mission : ‘ഫണ്ട് പിരിവ് നടത്തിയെന്ന് തെളിഞ്ഞാൽ എന്നെ കല്ലെറിഞ്ഞ് കൊല്ലാം; യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും’; ആരോപണങ്ങൾ തള്ളി മനാഫ്

മുബീൻ്റെ പേരിലാണ് വാഹനങ്ങൾ വാങ്ങുക. ഇതൊക്കെ നമ്മുടെ കുടുംബ ബിസിനസാണ്. ഞാൻ പണപ്പിരിവ് നടത്തിയിട്ടില്ല. ഒരു അഞ്ച് പൈസ ആരോടും വാങ്ങിയിട്ടില്ല. സ്വത്ത് വിറ്റിട്ടാണ് പല കാര്യങ്ങളും ചെയ്തത്. ആരുടെ പക്കൽ നിന്നെങ്കിലും ഒരു രൂപയെങ്കിലും വാങ്ങിയെന്ന് തെളിയിക്കാനായാൽ ഇന്നലെ പറഞ്ഞതുപോലെ മാനാഞ്ചിറ സ്ക്വയറിൽ വച്ച് നിങ്ങൾക്കെന്നെ കല്ലെറിഞ്ഞ് കൊല്ലാം. ആരുടെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥ നിലവിൽ ഇല്ല. അക്കൗണ്ട് നമ്പർ പരിശോധിച്ച് തീരുമാനിക്കാം. നിയമനടപടികൾ സ്വീകരിക്കാം. മുക്കത്തെ ഒരു സ്കൂളിൽ ഇന്ന് ഒരു ചടങ്ങുണ്ടായിരുന്നു. മനാഫിന് ഒരു തുക തരുന്നുണ്ട് എന്ന് അവർ പറഞ്ഞു. പക്ഷേ, ഞാൻ പണം വാങ്ങില്ലെന്ന് പറഞ്ഞു. വാങ്ങുകയാണെങ്കിൽ അർജുൻ്റെ മോന് നൽകണമെന്നായിരുന്നു ആഗ്രഹം. കുഞ്ഞിന് അക്കൗണ്ട് നമ്പരുണ്ടോ എന്ന് ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. അത് കുഞ്ഞിൻ്റെ പേരിലിടാനാണ് ആഗ്രഹിച്ചത്. അവൻ്റെ ഭാവിയിൽ ഉപകരിക്കട്ടെ എന്ന് കരുതിയാണ് അത് ചെയ്തത്. കുടുംബത്തിന് വേദനിച്ചെങ്കിൽ മാപ്പ് പറയുകയാണ്. മുക്കത്ത് പോയ പരിപാടിയിൽ പണം വാങ്ങിയില്ല.

ഞാൻ പലവട്ടം പറഞ്ഞതാണ്, എൻ്റെ കുടുംബത്തിൽ പെട്ടതാണ് അവരുടെ കുടുംബം. യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചതാണ് അവരുടെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്. ഫോട്ടൊ ഞാൻ മാറ്റി. അർജുൻ്റെ വിഷയം കേരളത്തിൽ ഇത്ര ഉയരത്തിൽ കൊണ്ടുവന്നത് മാധ്യമപ്രവർത്തകരാണ്. അവർ എത്രമാത്രം കഷ്ടപ്പെട്ടു എന്നറിയാം. മാധ്യമപ്രവർത്തകർ പറഞ്ഞിട്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ പലപ്പോഴും ഏകനായാണ് അവിടെ ഉണ്ടായിരുന്നത്. എനിക്ക് സംസാരിക്കാനുള്ളത് അതിൽ ഇടാമെന്നായിരുന്നു ഉദ്ദേശ്യം. ലോറി ഉടമ മനാഫ് എന്ന് ചാനലുകൾ ആവർത്തിച്ചുപറഞ്ഞതിനാലാണ് ചാനലിന് ആ പേരിട്ടത്. എങ്ങനെ ലൈവ് ഇടണമെന്നൊക്കെ മാധ്യമപ്രവർത്തകർ പറഞ്ഞുതന്നതാണ്. ചാനൽ മോണെട്ടൈസ് ചെയ്തിട്ടില്ല. ഇന്നലെ 10,000 സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നത് ഇന്ന് രണ്ടര ലക്ഷമായി. അർജുനെ ഇവിടെ എത്തിച്ചതിന് ശേഷം ചാനൽ ഉപയോഗിച്ചിട്ടില്ല. അങ്ങനെയായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. അത് ചാരിറ്റി ചെയ്യുന്ന ഏതെങ്കിലും യൂട്യൂബർക്ക് നൽകാമെന്നായിരുന്നു വിചാരിച്ചത്. ഇക്കാര്യം യൂട്യൂബിൽ പറഞ്ഞിട്ടുമുണ്ട്.

Also Read : Arjun Rescue : ‘മനാഫിന് വേണ്ടത് മാധ്യമശ്രദ്ധ; അർജുൻ്റെ പേരിൽ പണം പിരിക്കുന്നു’; ആരോപണവുമായി കുടുംബം

കോഴിക്കോട് വിശക്കുന്നവർക്ക് സൗജന്യമായി ഉച്ചഭക്ഷണം കൊടുക്കുന്ന ഒരു ക്യാൻ്റീൻ തുടങ്ങണമെന്നത് ഒരു ആഗ്രഹമായിരുന്നു. അക്കാര്യം ഞാൻ ചാനലിൽ പലതവണ പറഞ്ഞിരുന്നു. മറന്ന ആളുകളെ നിരന്തരം ഓർമിപ്പിക്കാൻ ഉപയോഗിച്ച മാധ്യമം മാത്രമായിരുന്നു യൂട്യൂബ് ചാനൽ. ചാനൽ ആരംഭിച്ച കാര്യം അർജുൻ്റെ കുടുംബത്തെ അറിയിക്കാൻ കഴിഞ്ഞില്ല. അതിന് സാധിച്ചില്ല. യൂട്യൂബ് ചാനൽ ആരംഭിക്കുക എന്നത് എൻ്റെ വ്യക്തിപരമായ കാര്യമല്ലേ. പരാതികൊടുക്കുന്നത് അർജുൻ്റെ കുടുംബത്തിൻ്റെ ഇഷ്ടം. ഞങ്ങൾ ഞങ്ങളുടെ കാര്യം പറയുകയാണ്.

ഞാനും മാല്പെയും ചേർന്ന് നാടകം കളിച്ചത് എല്ലാവർക്കും കാണാമല്ലോ. എൻ്റെ കണ്ണീരും ഒരു നാടകമാണെങ്കിൽ ആയിക്കോട്ടെ. 72 ദിവസമെന്നത് എന്നെ സംബന്ധിച്ച് 72 കൊല്ലമായി. ആ സമയത്ത് വൈകാരികമായിപ്പോയി. അർജുൻ്റെ ബൈക്ക് ഒന്നോ രണ്ടൊ ട്രിപ്പ് മുന്നേ ഓഫീസിൽ വച്ചിട്ട് പോയതാണ്. വണ്ടി അവിടെനിന്നെടുത്തിട്ട് വർക്ക് ഷോപ്പിൽ കൊണ്ടുകൊടുത്തത് താനാണ് എന്ന് മുബീൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് അർജുനാണ് പറഞ്ഞത്. അർജുൻ തന്നെയാണ് ബൈക്കിൻ്റെ വർക്ക് ചെയ്തതിനുള്ള പണം നൽകിയത്. പിന്നീട് വർക്ക് ഷോപ്പിൽ വെക്കാൻ സ്ഥലമില്ലാത്തതിനാൽ വീട്ടിൽ വച്ചു എന്ന് മാത്രം. ലോറിയ്ക്ക് അർജുൻ്റെ പേരിടുമെന്ന് പറഞ്ഞത് ആ സമയത്ത് വൈകാരികമായിപ്പോയതിനാലാണ്. അർജുൻ്റെ പേര് ഇടില്ല എന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
Exit mobile version