നമ്പർ നോക്കാനെന്ന വ്യാജേന വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റ് തട്ടി; പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നുമാണ് പ്രതി പിടിയിലാകുന്നത്. നമ്പർ നോക്കാനെന്ന വ്യാജേന ടിക്കറ്റെടുത്തത്. പത്ത് സെറ്റ് ടിക്കറ്റുകളാണ് തട്ടിയെടുത്തത്.

പാലക്കാട് : വയോധികനായ ഭാഗ്യക്കുറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തയാളെ തമിഴ്നാട്ടിൽ പോലീസ് പിടികൂടി. പാലക്കാട് വേലന്താവളത്ത് ലോട്ടറി വിൽപന നടത്തുന്ന ഗുരുസ്വാമിയെന്നയാളുടെ പത്ത് സെറ്റ് ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്ത എം കലിങ്കരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ടിക്കറ്റ് നമ്പർ നോക്കാൻ എന്ന വ്യാജേനയാണ് കലിങ്കരാജ് ഭാഗ്യക്കുറി കൈക്കലാക്കി കടന്നുകളഞ്ഞത്. തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ കലിങ്കരാജിനെ പൊള്ളാച്ചിയിൽ നിന്നും പിടികൂടുകയായിരുന്നു.
ഫെബ്രുവരി 15-ാം തീയതി ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയായ വേലന്താവളത്ത് ഭാഗ്യക്കുറി വിൽപന നടത്തുകയായിരുന്നു ഗുരുസ്വാമി. ഭാഗ്യക്കുറി ടിക്കറ്റിൻ്റെ നമ്പർ നോക്കാനെന്ന വ്യാജേന ലോട്ടറി വാങ്ങിയ പ്രതി ഗുരുസ്വാമിയുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. പകരം അതേ പേരിലുള്ള പഴയ ലോട്ടറി ഗുരുസ്വാമിക്ക് തിരികെ നൽകി. പ്രതിയായ കലിങ്കരാജ് പോയതിന് ശേഷമാണ് ലോട്ടറി വിൽപനക്കാരാനായ വയോധികൻ തട്ടിപ്പ് മനസ്സിലാക്കുന്നത്. വേലന്താവളത്ത് 20 വർഷമായി ലോട്ടറി വിൽപന നടത്തുന്നയാളാണ് ഗുരുസ്വാമി.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ കലിങ്കരാജ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചെങ്കിലും, മുമ്പ് എപ്പോഴോ ബൈക്ക് വിറ്റയാളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ബൈക്ക് പിന്നീട് നാലോളം പേർക്ക് കൈമാറിയെന്നും പോലീസ് കണ്ടെത്തി. തുടർന്ന് ഒരു ഫൈനാൻസ് സ്ഥാപനം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലോട്ടറി ടിക്കറ്റ് തട്ടിയത് കലിങ്കരാജാണ് പോലീസ് കണ്ടെത്തുന്നത്.