Crime News: തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തലയടിച്ചുപൊട്ടിച്ചു; കണ്ണിൽ പശയൊഴിച്ചു: അന്വേഷണം ആരംഭിച്ച് പോലീസ്
Man Kidnapped And Brutally Thrashed: തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ച സംഘം മുറിവിൽ മുളകുപൊടി വിതറി കണ്ണിൽ പശയൊഴിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. തിരുവല്ലത്ത് ഏഴംഗ സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നാണ് പരാതി. ബിയർ കുപ്പി കൊണ്ട് യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ച സംഘം കണ്ണിൽ പശയൊഴിച്ചു എന്നും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവല്ലത്തെ ജാനകി കല്യാണമണ്ഡപത്തിന് സമീപം താമസിക്കുന്ന ആഷിക് എന്ന യുവാവിനാണ് ക്രൂരമർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വണ്ടിത്തടം ശിവൻകോവിലിന് സമീപത്തുനിന്നാണ് ആഷിക്കിനെ ഏഴംഗസംഘം കാറിൽ കയറ്റിയത്. യുവാവിൻ്റെ സുഹൃത്തുക്കളായ നാല് പേരും സംഘത്തിലുണ്ടായിരുന്നു. ഇവർ ഉൾപ്പെടെ ഏഴ് പേർ ചേർന്നാണ് യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കാട്ടാക്കട ഭാഗത്തുള്ള ഒരു വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം.
എതിർ ചേരിയിലുള്ളവരുമായി ബന്ധം സ്ഥാപിച്ചെന്ന് ആരോപിച്ചായിരുന്നു തന്നെ ഇവർ മർദ്ദിച്ചതെന്ന് ആഷിക് പോലീസിന് മൊഴിനൽകി. എതിർചേരിയിലുള്ളവരോട് കൂട്ടുകൂടി തങ്ങൾക്ക് സ്കെച്ചിടാറായോ എന്ന് സംഘം ആക്രോശിക്കുന്നുണ്ടായിരുന്നു. ഇത് ചോദിച്ചായിരുന്നു മർദ്ദനമെന്നും പരാതിയിലുണ്ട്. ബിയർ കുപ്പി കൊണ്ട് യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ച സംഘം ചുറ്റിക കൊണ്ട് നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചു. അടിയേറ്റ് തലയിലും മുഖത്തും ഉണ്ടായ മുറിവുകളിൽ സംഘം മുളകുപൊടി തേച്ചു. മുഖത്ത് കുപ്പികൊണ്ടിടിച്ച് പല്ലുകൾ രണ്ടെണ്ണം തകർന്നു. പിന്നീട് കണ്ണിൽ പശയൊഴിച്ചു. നിലവിളിച്ചപ്പോൾ വീണ്ടും അതിക്രൂരമായി മർദ്ദിച്ചു എന്നും പരാതിയിൽ പറയുന്നു.




കണ്ണിൽ പശയൊഴിച്ചതിന് ശേഷം യുവാവിനെ വീണ്ടും കാറിൽ കയറ്റിയ സംഘം തിരുവല്ലം വാഴമുട്ടത്തിന് സമീപത്തുവച്ച് റോഡിലേക്ക് തള്ളിയിട്ട്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഏഴംഗസംഘം ഭീഷണിപ്പെടുത്തി. മർദ്ദനത്തിൽ പരിക്കേറ്റ ആഷിക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് തിരുവല്ലം എസ്.ഐ. തോമസ് ഹീറ്റസ് വ്യക്തമാക്കി.
ഏഴംഗസംഘത്തിലുണ്ടായിരുന്ന നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാണ്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.