Man Fall Out of Train: വാതിലിന് അടുത്തിരുന്ന് യാത്ര; ട്രെയിനില്‍ നിന്നും തെറിച്ചു വീണ് യുവാവ്; രക്ഷപ്പെട്ടത് അത്ഭുതകരമായി
Man Fall Out of Vadakara Intercity Express Train: ജനുവരി ഒന്നിനായിരുന്നു സംഭവം നടന്നതെങ്കിലും വിഷയം പുറംലോകം അറിയുന്നത് ഇപ്പോഴാണ്. സുഹൃത്തുക്കൾക്കൊപ്പം ന്യൂഇയർ ആഘോഷം കഴിഞ്ഞ് എറണാകുളത്ത് നിന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
കോഴിക്കോട്: യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് എന്ന 25കാരനാണ് ഗുരുതരമായ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടത്. എറണാകുളം-വടകര ട്രെയിൻ യാത്രക്കിടെ ഇരിങ്ങാലക്കുടയിൽ എത്തിയപ്പോഴാണ് വിനായക് ദത്ത് ട്രെയിനിൽ നിന്ന് തെറിച്ചു വീണത്. ജനുവരി ഒന്നിനായിരുന്നു സംഭവം ഉണ്ടായത്.
ജനുവരി ഒന്നിനാണ് സംഭവം നടന്നതെങ്കിലും വിഷയം പുറംലോകം അറിയുന്നത് ഇപ്പോഴാണ്. സുഹൃത്തുക്കൾക്കൊപ്പം ന്യൂഇയർ ആഘോഷം കഴിഞ്ഞ് എറണാകുളത്ത് നിന്നും മടങ്ങി വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇൻറർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് തിരക്ക് കാരണം ട്രെയിനിന്റെ വാതിലിനടുത്തിരുന്ന് ആണ് യാത്ര ചെയ്തത്. എന്നാൽ യാത്രയ്ക്കിടെ ഇദ്ദേഹം ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
ഉറക്കത്തിൽ നിന്നും എണീറ്റ യുവാവ് കണ്ണ് തുറന്ന് നോക്കിയപ്പോൾ അതിവേഗം പോകുന്ന ട്രെയിനാണ് കണ്ടത്. പുറത്തേക്ക് എന്തോ വീണതായി യാത്രക്കാർ പറഞ്ഞപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവിനെ അന്വേഷിക്കുന്നത്. തുടർന്ന്, ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സംഭവം അറിയുന്നത്.
പിന്നീട റോഡിലെത്തി ഒരു ബൈക്ക് കൈകാണിച്ചു നിർത്തി അദ്ദേഹത്തോട് സംഭവം വിവരിച്ചു. അങ്ങനെ അവർ വിനായക് ദത്തിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീഴ്ചയിൽ യുവാവിന് തലയ്ക്കും പുറംഭാഗത്തും പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിനായകനെ മാഹി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോമ്പാല അന്നപൂർണേശ്വരി ശ്രീഭദ്ര വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തൻറെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്.