Couple Dies: വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം; തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
Couple Dies: ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. വീടിനകത്തുവച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു.
തൃശ്ശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തിയതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. വീടിനകത്തുവച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു.
മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി നാട്ടുക്കാർ പറയുന്നു. തുടർന്ന് ഇവർ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ നിലയിലായിരുന്നു. അക്രമത്തിൽ ലിഞ്ചുവിന്റെ ചെവി വേര്‍പ്പെട്ട നിലയിലായിരുന്നു. സംഭവ ശേഷം ജോജു വീടിന് മുകളില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. ജോജുവിന് തലോരില്‍ വര്‍ക്ക്‌ഷോപ്പും ലിഞ്ചു ബ്യൂട്ടീഷ്യനുമാണ്.
Also read-Vlogger Couple Death: ‘വിടപറയും നേരം’, ആറ് മണിക്കൂർ നീണ്ട അവസാന യൂട്യൂബ് ലൈവ്; യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജോജുവിൻ്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തിൽ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവർ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കൾ സ്കൂളിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. കുറച്ചു നാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും നിരന്തരം ഇരുവരും തമ്മിൽ വഴക്കാണെന്നും സമീപവാസികൾ പറയുന്നു. ജോജുവിനെ മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചതായും നാട്ടുകാർ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിൻ്റെ നേതൃത്വത്തിൽ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)