Coimbatore Murder: മറ്റൊരു ബന്ധമെന്ന് സംശയം; കോയമ്പത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്ന ഭർത്താവ് ജീവനൊടുക്കി
Man Takes Own Life After Killing Wife in Coimbatore: മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണ് സൂചന.

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ. വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .സംഗീതയെ പുലർച്ചെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പാലക്കാട്ടെ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന.
മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണ് സൂചന. വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി സൂക്ഷിച്ചിരുന്നു. ഇയാളുടെ പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസൻസ്. ഇത് ഉപയോഗിച്ചാണ് സംഗീതയെ കൊലപ്പെടുത്തിയതും സ്വയം വെടിവച്ചതും.
Also Read: കൊലപാതകത്തിന് കാരണം സംശയരോഗം; ബൈജുവിന് ഭാര്യയും സുഹൃത്തും തമ്മില്‍ അവിഹിതബന്ധമെന്ന് എന്ന് സംശയം
സംഗീതയ്ക്കും കൃഷ്ണകുമാറിനും രണ്ട് പെൺമക്കളാണുള്ളത്. ഇവർ നാല് പേരും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. എന്നാൽ പിതാവിന് രോഗബാധിച്ചതോടെ കൃഷ്ണകുമാർ പാലക്കാടേക്ക് മാറി. സംഗീത സുലൂരിലെ സ്വകാര്യ സ്കൂളിൽ ജീവനക്കാരിയാണ്. സംഗീതയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കൃഷ്ണകുമാർ ഇതിനു മുൻപും ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിനിടെയിലാണ് ഇയാൾ പാലക്കാട്ടേ വീട്ടിലേക്ക് മാറിയത്. ഇന്ന് പുലർച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇയാൾ കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെയെത്തിയ ഇയാൾ കുട്ടികൾ സ്കൂളിലേക്കുപോയശേഷം രാവിലെ ഏഴു മണിയോടെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ വീട്ടിൽ മടങ്ങിയെത്തി പിതാവിന്റെ കൺമുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു. കൊലപാതകം നടന്ന രണ്ട് ഇടത്തും പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്. സിംഗപ്പൂരിലെ ജോലി ഉപേക്ഷിച്ചശേഷമാണ് കൃഷ്ണകുമാർ നാട്ടിലെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)