അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി; സംഭവം കൊല്ലത്ത്
Man Commits Suicide After Attempting to Kill Mother in Kollam: കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

കൊല്ലം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലത്തിലെ ആയൂരിലാണ് സംഭവം. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന്റെ അമ്മ സുജാത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇരുവരും ആദ്യം അമിതമായി ഉറക്ക ഗുളിക കഴിച്ചു. ഇതിന് പിന്നാലെ രഞ്ജിത്ത് ഷാൾ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. ബോധരഹിതയായതോടെ അമ്മ മരിച്ചുവെന്ന് കരുതിയ രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവസ്ഥലം സന്ദർശിച്ച പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇന്ന് (ശനിയാഴ്ച) കെഎസ്ഇബി ജീവനക്കാരൻ ബിൽ അടയ്ക്കണമെന്ന് പറയാനായി ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ആ സമയത്താണ് വെള്ളം ആവശ്യപ്പെട്ടുള്ള ഞെരക്കം കേൾക്കുന്നത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുജാതയുടെ ശബ്ദം കേട്ട് വീടിനകത്ത് ചെന്നപ്പോൾ രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.
പിന്നാലെ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ താൻ തന്നെയാണ് പറഞ്ഞതെന്നാണ് ആശുപത്രിയിൽ ചികിത്സയിലുള്ള സുജാത പൊലീസിന് നൽകിയ മൊഴി.