Neyyattinkara Gopan: നെയ്യാറ്റിൻകര ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്; മൂന്ന് പേർക്ക് പരിക്ക്
Neyyattinkara Gopan's Soul Entered Man's Body: കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആക്രമത്തിൽ മൂന്ന് യുവാക്കളെ മർദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് വാദവുമായി എത്തി പരാക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആക്രമത്തിൽ മൂന്ന് യുവാക്കളെ മർദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു.
നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ ചർച്ചകൾക്കാണ് വഴിച്ചത്. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ മരണപ്പെട്ടത്. പിതാവ് സമാധിയായി എന്ന് പറഞ്ഞ് മക്കൾ വീടിന് സമീപത്ത് പതിച്ച പോസ്റ്റർ കണ്ടാണ് ഗോപൻ മരിച്ച വിവരം നാട്ടുക്കാർ അറിയുന്നത്. എന്നാൽ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണം എന്നും ആവശ്യം ഉയർന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപന്‍ സ്വാമിയെ ‘സമാധി’ ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം. ഇതോടെ സംഭവത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് മാധിയായെന്ന് പറയുന്ന കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി കുടുംബത്തിന് മൃതദേഹം വിട്ടുനൽകുകയായിരുന്നു. തുടർന്ന് മഹാ സമാധി എന്ന പേരിൽ ഗോപന്റെ മൃതദേഹം സംസ്കാരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. തലയിലും ചെവിക്ക് പിന്നിലും ക്ഷതവും, ഹൃദയഭാഗത്ത് ബ്ലോക്കും സംഭവിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്നും കണ്ടെത്താനായില്ല. ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് കണ്ടെത്തൽ. കേസിൽ ഇനി ആന്തരികാവയവ പരിശോധന റിപ്പോർട്ട് കൂടി ലഭിക്കാനുണ്ട്. ഇതിനു ശേഷം മാത്രമായിരിക്കും അന്വേഷണം മുന്നോട്ട് പോകണോ എന്ന് പോലീസ് തീരുമാനിക്കും.