Malappuram Cyber Fraud Case: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; എടപ്പാൾ സ്വദേശിനിയിൽ നിന്ന് തട്ടിയത് 93 ലക്ഷം രൂപ, പ്രതി പിടിയില്‍
Man Arrested in Malappuram for Cyber Fraud: പല നമ്പറുകളിൽ നിന്നായി പരാതിക്കാരിയെ വിളിച്ച പ്രതികൾ, യുവതിക്കെതിരെ മുംബൈയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പറാണെന്നും, ഇത് ഉടൻ ഡിസ്കണക്റ്റ് ആകുമെന്നും ഭീഷണിപ്പെടുത്തി.

മലപ്പുറം: ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോൺ (39) ആണ് സൈബർ പോലീസിന്റെ പിടിയിലായത്. മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തത്. ആൽബിനൊപ്പം കൂട്ടുപ്രതികളുമുണ്ട്.
പല നമ്പറുകളിൽ നിന്നായി പരാതിക്കാരിയെ വിളിച്ച പ്രതികൾ, യുവതിക്കെതിരെ മുംബൈയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പറാണെന്നും, ഇത് ഉടൻ ഡിസ്കണക്റ്റ് ആകുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് വാട്സാപ്പ് വീഡിയോ കോളിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി പരാതിക്കാരിയോട് ആധാർ കാണിക്കാൻ ആവശ്യപ്പെടുകയും, കേസിൽ അവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഉണ്ടെന്നും, അറസ്റ്റ് വാറണ്ട് ഉണ്ടെന്നും പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും അവർ പറഞ്ഞ് വിശ്വസിപ്പിച്ചു.
പ്രതികൾ പല പ്രാവശ്യം വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു. കേസ് അവസാനിപ്പിക്കുന്നതിനും എൻഒസി നൽകുന്നതിനുമെന്ന് പറഞ്ഞ് നിരന്തരം ഇവർ യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടു. പരാതിക്കാരിയെ ഇവർ മാനസികമായി ഭീഷണിപ്പെടുത്തുകയും ഭീതിമൂലം പരാതിക്കാരി തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറുകളിലേക്ക് 93 ലക്ഷം രൂപ അയച്ചു കൊടുക്കുകയും ചെയ്തു.
ALSO READ: അഞ്ചിനങ്ങൾക്ക് നാളെ മുതൽ വിലമാറും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന്റെ നിർദേശ പ്രകാരം മലപ്പുറം ഡിസിആർബി ഡിവൈഎസ്പി വി ജയചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ചിത്തരഞ്ജൻ ഐസിയും സൈബർ പോലീസ് ടീമും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.