Mallu Whatsapp Group: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും
Mallu Hindu Whatsapp Group: രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിൽ, രണ്ടും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഫോറൻസിക് റിപ്പോർട്ട്.
തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മെറ്റാ റിപ്പോർട്ടിലുള്ളതും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതും മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നതാണ്. ചീഫ് സെക്രട്ടറി പോലീസ് റിപ്പോർട്ട് പരിശോധിച്ച ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ ഫോൺ ഹാക്ക് ചെയ്താണെന്ന കെ ഗോപാലകൃഷ്ണന്റെ പരാതി പോലീസ് തള്ളി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നതാണ്. ഫോണുകൾ ഫോർമാറ്റ് ചെയ്തതിന് ശേഷമാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. അതിനാൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നതും ഗോപാലകൃഷ്ണന് തിരിച്ചടിയാകും.
കെ ഗോപാലകൃഷ്ണ്ണന്റെ രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിൽ, രണ്ടും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഫോറൻസിക് റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ നിലവിൽ സജീവമല്ലാത്തത് കൊണ്ട് ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. ഈ രണ്ടു റിപ്പോർട്ടുകളും ഗോപാലകൃഷ്‍ണന്റെ വാദങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നതാണ്.
‘ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തെളിയിക്കണമെങ്കിൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. എന്നാൽ, പരാതിക്കാരൻ ഫോൺ ഫോർമാറ്റ് ചെയ്തത് കൊണ്ട് തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ, കേസെടുത്ത് അന്വേഷണം നടത്താൻ കഴിയില്ലെന്നാണ്’ കമ്മീഷണർ ഡിജിപിയെ അറിയിച്ചത്. തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ഇനി എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഗോപാലകൃഷ്‌ണൻ ചീഫ് സെക്രട്ടറിക്ക് രേഖാമൂലം വിശദീകരണം നൽകേണ്ടി വരും. അതിനു ശേഷമായിരിക്കും സർക്കാർ തുടർ നടപടികളിലേക്ക് കടക്കുക.