Malayali Soldier: 56 വർഷങ്ങൾക്ക് മുമ്പ് ലഡാക്കിൽ മരിച്ച മലയാളി സൈനികന് നാട് ഇന്ന് യാത്രാമൊഴി നൽകും
Malayali Soldier thomas cherian: ഇന്നലെ ഉച്ചയക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്. 1968 ഫെബ്രുവരി 7ന് ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് 103 സൈനികരുമായി പോയ AN 12 വിമാനം അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതാവുകയായിരുന്നു.
തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാൻറെ (Malayali soldier Thomas Cherian) സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതേദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടു കൂടി പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം 12.30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും.
പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കുന്നുണ്ട്. തുടർന്ന് രണ്ട് മണിയോടെ പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്നലെ ഉച്ചയക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്. 1968 ഫെബ്രുവരി 7ന് ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് 103 സൈനികരുമായി പോയ AN 12 വിമാനം അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതാവുകയായിരുന്നു.
ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് അപകടം നടക്കുമ്പോൾ 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും സൈനികരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽനിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. അവിവാഹിതനായിരുന്നു അദ്ദേഹം. അമ്മ. ഏലിയാമ്മ, പിതാവ് തോമസ് തോമസ്. തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്.
ALSO READ: 1968ല്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി; 56 വര്‍ഷത്തിന് ശേഷം
തോമസ് ചെറിയാൻ്റെ പരിശീലനശേഷം പോസ്റ്റിങ് കിട്ടി പോകും വഴിയായിരുന്നു അപകടം നടന്നത്. തെരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം കുടുംബത്തെ അറിയിച്ചിരുന്നതാണ്. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും തോമസ് ചെറിയാന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തോമസിനെ കൂടാതെ മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങളും അന്നേ ദിവസം തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ മൂന്ന് മൃതദേഹങ്ങൾ കേടുകൂടാതെയാണുള്ളതെന്നും നാലാമത്തേതിന്റെ അവശിഷ്ടങ്ങൾ മഞ്ഞുവീഴ്ചയുള്ള പർവത്തിൽ കണ്ടെത്തിയതായും പ്രതിരോധ വക്താവ് പറഞ്ഞു.
പോക്കറ്റിൽ നിന്ന് ലഭിച്ച വൗച്ചറിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ തിരിച്ചറിയാൻ കഴിഞ്ഞതെന്നാണ് വിവരം. മൽഖാൻ സിങ് എന്ന പേരാണ് ഒരാളുടെ വൗച്ചറിൽ നിന്ന് ലഭിച്ചത്. പിന്നീട് പവനിയർ റെക്കോർഡ്‌സ് ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയാളെ തിരിച്ചറിയുകയായിരുന്നു. ആർമി മെഡിക്കൽ കോർപ്‌സിലെ ശിപായിയായിരുന്ന നാരായൺ സിങിനെ തിരിച്ചറിഞ്ഞത് പേബുക്ക് വഴിയാണ്.