ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം
പരിശീലനത്തിനിടെ തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ട ബിനേഷിനെ ആദ്യം ഡൽഹിയിലെ ശുഭം ആശുപത്രിയിലെത്തിക്കുകയായിരുന്നു
കോഴിക്കോട്: മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ കുഴഞ്ഞു വീണു മരിച്ചു. ഡൽഹി പോലീസിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കോഴിക്കോട് വടകര ചോറോട് സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്.
വസീറാബാദിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കൊടും ചൂടിനെ തുടർന്ന് സൂര്യാഘാതം ഏറ്റെന്നാണ് സംശയം. കേരളത്തിൽ നിന്നുള്ള 12 പേരടം 1,400 പോലീസ് ഉദ്യോഗസ്ഥർ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
പരിശീലനത്തിനിടെ തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ട ബിനേഷിനെ ആദ്യം ഡൽഹിയിലെ ശുഭം ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ പശ്ചിമ വിഹാറിലെ സ്വകാര്യം ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ഡൽഹിയിലെ താപനില 49.9 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം കൃത്യമായി വ്യക്തമാകൂവെന്ന് ഡൽഹി പോലീസിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
25 വർഷക്കാലമായി ഡൽഹി പോലീസിൽ ജോലി ചെയ്യുകയാണ് ബിനീഷ്. ഭാര്യ: ലിജ, വടകര ബി.ഇ.എം.എച്ച്.എസിലെ വിദ്യാർഥിനിയാണ് മകൾ ഐശ്വര്യ, മൂത്തമകൻ ലിബിൻ മംഗലാപുരത്ത് ബിടെക്ക് വിദ്യാർഥിയാണ്.