Malappuram Man Missing : ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്ത് എവിടെ?; യുവാവിനെ കാണാതായിട്ട് നാല് ദിവസം
Malappuram Man Missing For 4 Days : മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്ന് നാല് ദിവസം. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നയാളാണ് വിഷ്ണുജിത്ത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാൻ പാലക്കാട് പോയ വിഷ്ണു പിന്നീട് തിരികെവന്നില്ല.
മലപ്പുറത്ത് യുവാവിനെ കാണാതായിട്ട് ഇന്ന് നാല് ദിവസം. മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്ത് (30) ആണ് നാല് ദിവസമായി കാണാമറയത്തുള്ളത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവ് പിന്നീട് തിരികെവന്നിട്ടില്ല. ഇന്നായിരുന്നു വിഷ്ണുജിത്തിൻ്റെ വിവാഹം തീരുമാനിച്ചിരുന്നത്. വീട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചു.
ഈ മാസം നാലാം തീയതിയാണ് വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാനായി വിഷ്ണുജിത്ത് പാലക്കാട്ടുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ പണവുമായി എത്തുമെന്നായിരുന്നു വിഷ്ണു അറിയിച്ചത്. പിന്നാലെ, ഒരു ലക്ഷം രൂപ വിഷ്ണുവിന് നൽകിയെന്നും പണവുമായി വിഷ്ണു കഞ്ചിക്കോട്ട് നിന്ന് പാലക്കാട് ടൗണിലേക്ക് പോയി എന്നും സുഹൃത്ത് അറിയിച്ചതായി അമ്മ പറഞ്ഞു. അന്ന് രാത്രി എട്ട് മണിയോടെ വിഷ്ണു വിളിച്ചു. പാലക്കാട് നിന്ന് പുറപ്പെടുന്നേയുള്ളൂ എന്നും പിതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ അന്ന് രാത്രി കഴിഞ്ഞ്, പിറ്റേന്ന് രാവിലെ വീട്ടിലെത്തുമെന്നും വിഷ്ണു പറഞ്ഞു. എന്നാൽ, പിറ്റേന്ന് രാവിലെയും മകനെ കാണാതായതോടെ വിഷ്ണുവിൻ്റെ അമ്മ ഭർത്താവിൻ്റെ സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിഷ്ണു ഇവിടെ വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
വിഷ്ണുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പാലക്കാട് പുതുശ്ശേരിയായിരുന്നു വിഷ്ണുവിൻ്റെ ടവർ ലൊക്കേഷൻ. ഇതോടെ സഹോദരിയും ഭർത്താവും പുതുശ്ശേരിയിലെത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. പുതുശ്ശേരിയിൽ എത്തിയതിന് ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.
രാവിലെ തൻ്റെയടുത്ത് പണം ചോദിക്കാനെത്തിയപ്പോൾ വിഷ്ണുജിത്ത് സന്തോഷത്തിലായിരുന്നു എന്ന് സുഹൃത്ത് ശരത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പണത്തിൻ്റെ ബുദ്ധിമുട്ടല്ലാതെ മറ്റൊന്നും വിഷ്ണുജിത്ത് പറഞ്ഞില്ല. മൂന്ന് മണിക്ക് തിരികെ പോകുമ്പോഴും സുഹൃത്ത് സന്തോഷത്തിലായിരുന്നു. വിഷ്ണുവിന് ശത്രുക്കളൊന്നുമില്ല. വിഷ്ണുവിനെ ബസ്സ് കയറ്റിവിട്ടിട്ട് താൻ തിരികെ വന്നു എന്നും ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വർഷങ്ങൾ നീണ്ട പ്രണയത്തിൻ്റെ സാഫല്യമാണ് ഇന്ന് വിവാഹത്തിലൂടെ നടക്കേണ്ടിയിരുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.