Malappuram Lok Sabha Election Result 2024: വമ്പിച്ച ഭൂരിപക്ഷം; വസീഫിനെ ബഹുദൂരം പിന്നിലാക്കി ഇ ടി മുഹമ്മദ് ബഷീര്‍
Malappuram Lok Sabha Election Result 2024 Today: മലപ്പുറത്തെ സിറ്റിങ് എംപിയായിരുന്ന സമദാനിയെ പൊന്നാനിയിലേക്ക് മാറ്റി പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി മത്സരിപ്പിക്കുകയായിരുന്നു.
മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ മുസ്ലിം ലീഡ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ വിജയം ഉറപ്പിച്ചു. 318118 വോട്ടിന്റെ ലീഡ് നിലനിര്‍ത്തിയാണ് ഇ ടി വിജയിച്ചത്. മുസ്ലിം ലീഗിന്റെ കരുത്താണ് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വിജയത്തിലൂടെ കാണുന്നതെന്ന് മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചു.
മലപ്പുറത്തെ സിറ്റിങ് എംപിയായിരുന്ന സമദാനിയെ പൊന്നാനിയിലേക്ക് മാറ്റി പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി മത്സരിപ്പിക്കുകയായിരുന്നു. ഇ ടി മുഹമ്മദ് ബഷീറിന്റെ ജന്മനാടായ വാഴക്കാട് ഉള്‍പ്പെടുന്നതും മലപ്പുറം മണ്ഡലത്തിലാണ്.
ഇ ടിയെ നേരിടാന്‍ കരുത്തനായ വി വസീഫിനെയാണ് എല്‍ഡിഎഫ് രംഗത്തെത്തിയിറക്കിയിരുന്നത്. കേന്ദ്രത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനേക്കാളും മുസ്ലിം ലീഗിനേക്കാളും നല്ലത് സിപിഎം ആണ് നല്ലതെന്ന വികാരം വോട്ടര്‍മാര്‍ക്കിയിലുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം നേതൃത്വം.
1952ല്‍ ബി പോക്കറിലൂടെയാണ് ലീഗ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ അവരുടെ തേരോട്ടം ആരംഭിച്ചത്. പിന്നീട് 1957ല്‍ മഞ്ചേരി ലോക്‌സഭ മണ്ഡലമായി മാറിയപ്പോഴും ബി പോക്കറിലൂടെ തന്നെയാണ് ലീഗ് മണ്ഡലം നിലനിര്‍ത്തിയത്. 1962 മുതല്‍ 1971 വരെ എം മുഹമ്മദ് ഇസ്മയില്‍ ആണ് മഞ്ചേരിയില്‍ നിന്ന് ലോക്‌സഭ എംപിയായത്. ഇബ്രാഹിം സുലൈന്‍ സേട്ട് ആയിരുന്നു 1977 മുതല്‍ 1989 വരെയുള്ള എംപി. അദ്ദേഹം ലീഗിന്റെ ദേശീയ നേതാവ് കൂടിയായിരുന്നു.
1991ല്‍ ഇ അഹമ്മദ് വിജയക്കൊടി പാറിച്ചു. 1999 വരെ തുടര്‍ച്ചയായി ഇ അഹമ്മദ് തന്നെയാണ് മഞ്ചേരിയില്‍ നിന്ന് എംപിയായത്. എന്നാല്‍ 2004 ലീഗിന് തിരിച്ചടി നല്‍കിയ വര്‍ഷമായിരുന്നു. ആ വര്‍ഷം സിറ്റിങ് എംപിയായിരുന്ന ഇ അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി മഞ്ചേരിയില്‍ കെപിഎ മജീദിനെ മത്സരിപ്പിച്ചതാണ് ലീഗിന് തിരിച്ചടി നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കെപിഎ മജീദ് മുജാഹിദ് പക്ഷക്കാരനാണെന്ന പ്രചാരണമായിരുന്നു പ്രധാനമായും ലീഗിനെ വലച്ചത്. ഇതോടെ ഇകെ വിഭാഗം സുന്നികളിലെ ഒരു വിഭാഗം വോട്ടുകള്‍ ലീഗിന് ലഭിച്ചില്ലെന്നും പറയപ്പെടുന്നു. ഇതുമാത്രമല്ല, അന്നത്തെ ഐസ്‌ക്രീം കേസ് വിവാദങ്ങളും ടികെ ഹംസയ്ക്ക് ഉണ്ടായിരുന്ന സ്വാധീനവും തിരിച്ചടിയായി. അങ്ങനെ ചരിത്രം മാറ്റികുറിച്ചുകൊണ്ട് ചെങ്കൊടി പാറിച്ച് ടികെ ഹംസ അധികാരത്തിലെത്തി.
അങ്ങനെ വീണ്ടും മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള മടക്കയാത്രയില്‍ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. ഇ അഹമ്മദിലൂടെയായിരുന്നു അതിന് സാധിച്ചത്. 2009ലും 2014ലും ഇ അഹമ്മദ് തന്നെയാണ് മലപ്പുറത്തെ കാത്ത് സംരക്ഷിച്ചത്. അന്ന് ഇ അഹമ്മദ് വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ സൈനബയെ 1.94 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ്.
ഏഴ് നിയമസഭ മണ്ഡലങ്ങളും ഭരിക്കുന്നത് ലീഗ് തന്നെയാണ്. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭ മണ്ഡലം.