Lok Sabha Election 2024: കന്നി വോട്ട് വിശേഷങ്ങൾ
കന്നിവോട്ടർമാർ ബൂത്തുകൾ കയ്യടക്കിയ തിരഞ്ഞെടുപ്പ് കാലമാണിത്. ചില കന്നി വോട്ടർ വിശേഷങ്ങൾ നോക്കാം
തിരുവനന്തപുരം : കന്നി വോട്ടർമാരുടെ എണ്ണം കൂടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കന്നി വോട്ടർമാരിൽ താര സാന്നിധ്യവുമുണ്ട്.
കന്നിവോട്ടോ കള്ളവോട്ടോ
കന്നിവോട്ട് ചെയ്യുന്ന നടി മീനാക്ഷി അനൂപ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേട്ട വാക്കുകളാണിത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പ് പങ്കുവച്ചു കൊണ്ടാണ് ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം മീനാക്ഷി ആരാധകരുമായി പങ്കുവച്ചിരിന്നു. ഇനി താന്‍ കൂടി തീരുമാനിക്കും ആര് ഭരിക്കണം എന്നത് എന്നാണ് മീനാക്ഷി പോസ്റ്റിൽ പറയുന്നു.
സ്ലിപ്പില്‍ മീനാക്ഷിയുടെ യഥാര്‍ഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാണ് അനുനയ കള്ളലോട്ട് ആകുമോ ? തുടങ്ങിയ ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറഞ്ഞു.
സ്വീപ് ഐക്കണ്‍ മമിതാ ബിജുവിന് കന്നിവോട്ട് ചെയ്യാനായില്ല
വോട്ട് പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മുന്‍ കൈ എടുത്ത താരം മമിതാ ബിജുവിനു കന്നിവോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് എന്ന ബോധവല്‍ക്കരണ പരിപാടിക്കു വേണ്ടി സഹകരിച്ചിട്ടുണ്ട് മമിത ബൈജു.
എന്നിട്ടും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ താമസിക്കുന്ന മമിതയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വോട്ടേഴ്സ് സ്ലിപ് നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണു മമിതയുടെ പേരില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.
കുഞ്ഞു മാണിയും കന്നിവോട്ട് ചെയ്തു
കെ.എം മാണിയുടെ കൊച്ചുമകനും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെയു നിഷ ജോസ് കെ മാണിയുടേയും മകനുമായ കുഞ്ഞുമാണിയു കന്നി വോട്ട് ചെയ്തു. ആദ്യവോട്ട് രണ്ടിലയ്ക്ക് ചെയ്യുവാനായ സന്തോഷത്തിലാണ് കെ.എം.മാണി എന്ന പേരുള്ള കുഞ്ഞു മാണിയ്ക്ക്.
66-ാം വയസിൽ കന്നിവോട്ട്
കന്നി വോട്ട് സാധാരണ 18 വയസ്സിലും 21 വയസ്സിലും ഒക്കെയാണ് എല്ലാവരും ചെയ്യാറ്. എന്നാൽ അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റുകയാണ് പ്രവാസിയായ ഒരു മലയാളി. വല്ലപ്പുഴ സ്വദേശിയായ ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്.
ചെറുകോട് എൽ.പി.സ്‌കൂളിലെ ബൂത്തിൽ എത്തിയാണ് ഹംസ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. 19-ാം വയസിൽ വിദേശത്തേക്ക് പോയതാണ് ഹംസ. ഇപ്പോൾ 66-ാം വയസ്സിലാണ് വോട്ട് ചെയ്യാൻ കഴിഞ്ഞത്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്. വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല.
പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവും ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. 19-ാം വയസ്സിനു ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടിൽ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ. രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എൽ.പി.സ്‌കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കന്നി വോട്ടർക്ക് കുരുമുളക് തൈ
വയനാടിന് കുരുമുളക് എന്നത് പുതിയൊരു കാഴ്ചയല്ല. മലോര കർശഷകരുടെ വരുമാന മാർഗങ്ങളിൽ ഒന്നാണിത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് കുരുമുളക് തൈ സ്റ്റാറായത് ഒരു കന്നി വോട്ടർ കാരണമാണ്. ആവേശത്തോടെ കന്നിവോട്ട് ചെയ്യാനെത്തിയ പെൺകുട്ടിക്ക് സ്നേഹസമ്മാനമായി കുരുമുളക് തൈ നല്‍കിയാണ് ബൂത്തില്‍ നിന്ന് യാത്രയാക്കിയത്.
വയനാട്ടിലെ തരിയോടാണ് യുവ വോട്ടര്‍മാര്‍ക്ക് ആവേശം നല്‍കുന്ന ഈ കാഴ്‌ച കണ്ടത്. ‘ഞാൻ വോട്ട് ചെയ്യും ഉറപ്പായി’ എന്ന മുദ്രാവാക്യവുമായി സ്വീപ്പ് വയനാട് നടത്തുന്ന പ്രചരണത്തിന്‍റെ ഭാഗമായി തരിയോട് ഗവൺമെൻറ് ഹയർ സെക്കന്‍ററി സ്കൂളിലെ ബൂത്ത് 112 ബൂത്ത് ലെവൽ ഓഫീസറും സ്വീപ്പ് പ്രതിനിധിയുമായ മനോജ് കണാഞ്ചേരി, കന്നി വോട്ടറായ ഗോവിന്ദുമോൾ ജിക്ക് കുരുമുളക് തൈ നൽകുകയായിരുന്നു.