Maharajas College: മഹാരാജസ് കോളേജിന് സ്വയം സ്വയംഭരണ പദവി നഷ്ടമായെന്ന് ആരോപണം; തള്ളി കോളേജ് അധികൃതർ
Maharajas College: 2021ന് ശേഷം മഹാരാജാസിൽ നടത്തിയ വിദ്യാർത്ഥി പ്രവേശനം, പരീക്ഷകൾ എന്നിവ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രി, ഉന്നവിദ്യാഭ്യാസ മന്ത്രി, എംജി സർവകലാശാല വിസി തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ (Maharajas’s College) സ്വയംഭരണ പദവി നഷ്ടമായതായി റിപ്പോർട്ട്. കോളേജിന് സ്വയംഭരണ പദവി (autonomous) 2020 വരെയെ ഉണ്ടായിരുന്നുള്ളൂവെന്നും 2021 മുതൽ യുജിസി അംഗീകാരമില്ലാതെയാണ് പ്രവൃത്തിക്കുന്നതെന്നുമുള്ള ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ( SAVE University Campaign Committee) രംഗത്തെത്തി. അംഗീകാരം ഉണ്ടോയെന്ന് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയിൽ ബിരുദ- ബിരുദാനന്തര പഠനം പൂർത്തിയായവർക്ക് എംജി യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. അംഗീകാരം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയാൽ കോളേജ് നടത്തിയ പല പരീക്ഷകളും അസാധുവാക്കിയേക്കും.
ഓട്ടോണമസ് പദവി നിലനിർത്തുന്നതിനുള്ള നടപടികളോ കോളേജിൽ യുജിസിയുടെ നാക് സംഘത്തിന്റെ (NAAC) പരിശോധനയോ ഇതുവരെയും നടന്നിട്ടില്ല. പദവി നഷ്ടപ്പെട്ട സാഹചര്യത്തിൽ കോളേജിനെ എംജി യൂണിവേഴ്സിറ്റിക്ക് കീഴിലേക്ക് മാറ്റണമെന്നും 2021ന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നവിദ്യാഭ്യാസ മന്ത്രിക്കും, എംജി സർവകലാശാല വിസിക്കും നിവേദനം നൽകിയിട്ടുണ്ട്. കോളേജിന്റെയും എംജി സർവ്വകലാശാലയുടെയും അനാസ്ഥ കാരണം നിരവധി വിദ്യാർത്ഥികളുടെ ഭാവി തുലാസിലാകുന്ന അവസ്ഥായാണുള്ളത്.
മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി ഇല്ലെന്ന പ്രചാരണം വ്യാജമാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഓട്ടോണമസ് പദവി പുതുക്കി നൽകുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ചുള്ള അവജ്ഞതയാണ് പിന്നിൽ. യുജിസിക്ക് 2021-ൽ പദവി പുതുക്കി നൽകുന്നതിനായി അപേക്ഷ നൽകിയിരുന്നു. കാലതാമസം നേരിടുന്നുണ്ടെങ്കിലും ഉടൻ പദവി പുതുക്കി നൽകും. പുതുക്കി നൽകുമ്പോൾ 2020 മുതലുള്ള മുൻകാല പ്രാബല്യവുമുണ്ടാകുമെന്നും കോളേജ് അധികൃതർ അറിയിച്ചു. അഞ്ച് വർഷമാണ് ഓട്ടോണമസ് പദവിയുടെ കാലാവധി. കാലാവധി കഴിയുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട കോളേജുകൾ പദവി പുതുക്കുന്നതിനായി യുജിസിക്ക് അപേക്ഷ നൽകണം.
2014- ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനും മഹാരാജാസ് കോളേജിനും ഓട്ടോണമസ് പദവി നൽകാൻ തീരുമാനിച്ചത്. ഉയർന്ന അക്കാദമിക നിലവാരവും കലാ- കായിക രംഗങ്ങളിലെ മികവും പരിഗണിച്ചായിരുന്നു തീരുമാനം. എന്നാൽ യൂണിവേഴ്സിറ്റി കോളേജിൽ പരിശോധനയ്ക്ക് എത്തിയ യുജിസി പ്രതിനിധി സംഘത്തെ എസ്എഫ്ഐ പ്രവർത്തകരും ഇടത് അനുകൂല അധ്യാപകരും ചേർന്ന് തടഞ്ഞു. ഇതോടെ പരിശോധന നടത്താതെ യുജിസി സംഘം മടങ്ങി. മഹാരാജാസ് കോളേജിൽ പരിശോധന നടത്തിയ സംഘം 2020 വരെ കോളേജിന് ഓട്ടോണമസ് പദവി നൽകുകയായിരുന്നു.
ഓട്ടോണമസ് പദവി നൽകുന്നതിനെതിരെ ആദ്യം എസ്എഫ്‌ഐയും ഒരു വിഭാഗം അധ്യാപകരും എതിർത്തുവെങ്കിലും 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിലപാട് മാറ്റി. അതോടെ കോളേജിന്റെ പ്രവർത്തനത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിർണ്ണയത്തിലും ഇടത് നേതാക്കളുടെ ഇടപെടൽ ശക്തമായി. ബിരുദ- ബിരുദാനന്തര പ്രവേശനത്തിലും മൂല്യനിർണ്ണയത്തിലുമുൾപ്പെടെ അട്ടിമറി നടന്നതായി ആക്ഷേപമുണ്ട്.