Magic Mashroom: മാജിക് മഷ്റൂം ലഹരിതന്നെയാണെന്ന് എക്‌സൈസ്; ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകും
Kerala Excise On Magic Mashroom: സൈലോസൈബിൻ എന്ന ലഹരിവസ്തുവാണ് മാജിക് ഷ്റൂമിൽ കാണപ്പെടുന്നത്. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ അതിനെ കൂണായി മാത്രമെ കണക്കാക്കാൻ കഴിയൂ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Representational Image
തിരുവനന്തപുരം: മാജിക് മഷ്റൂം (Magic Mashroom) ലഹരിപദാർത്ഥമായി തന്നെ കണക്കാക്കുമെന്ന് സംസ്ഥാന എക്‌സൈസ്. മാജിക് മഷ്റൂം ലഹരിയായി കണക്കാക്കി കേസെടുക്കാനാണ് തീരുമാനം. മയക്കുമരുന്നായോ മയക്കുമരുന്ന് കലർത്താൻ കഴിയുന്ന മിശ്രിതമായോ മാജിക് മഷ്റൂമിനെ കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിവിധി. എന്നാൽ വിധിയെ തള്ളികൊണ്ട് നിയമനടപടി തുടരാനാണ് എക്‌സൈസിൻ്റെ തീരുമാനം. മാജിക് മഷ്റൂമിനെതിരായ ഹൈക്കോടതിവിധിക്കെതിരെ അപ്പീൽ നൽകാനാണ് എക്സൈസ് തീരുമാനം.
സൈലോസൈബിൻ എന്ന ലഹരിവസ്തുവാണ് മാജിക് ഷ്റൂമിൽ കാണപ്പെടുന്നത്. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ അതിനെ കൂണായി മാത്രമെ കണക്കാക്കാൻ കഴിയൂ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അവ നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതല്ലെന്നും ഫംഗസ് മാത്രമാണെന്നുമായിരുന്നു കോടതി പരാമർശം. എന്നാൽ കൂണിൽ കാണുന്ന സൈലോസൈബിൻ ലഹരിയായതിനാൽ അവ എത്ര ശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.
വാണിജ്യ അളവിൽ മയക്കുമരുന്ന് പിടികൂടുമ്പോഴാണ് അത് ജാമ്യം നിഷേധിക്കപ്പെടുന്ന ഗുരുതരകുറ്റമാകുന്നത്. എന്നാൽ മാജിക് മഷ്റൂമിലെ സൈലോസൈബിന്റെ വാണിജ്യ അളവ് നിലവിൽ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. കോടതി ഉത്തരവിന് മുമ്പ് വരെ മാജിക് മഷ്റൂം പിടികൂടുന്ന കേസുകളിലെല്ലാം ജാമ്യമില്ലാവകുപ്പാണ് ചുമത്തികൊണ്ടിരുന്നത്.
ലഹരി വസ്തുവിൻ്റെ അളവ് സാക്ഷ്യപ്പെടുത്തുന്ന ലാബ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിന്റെ ഗൗരവം അപ്പോൾ മാത്രമെ നിർണയിക്കാൻ കഴിയൂ എന്ന നിലപാടാണ് നിലവിൽ എക്‌സൈസ് സ്വീകരിച്ചിരിക്കുന്നത്. മാജിക് മഷ്റൂം സ്വഭാവിക ഫംഗസ് വിഭാഗത്തിൽപെട്ടതാണ്. എന്നിരുന്നാലും അവയിലെ സൈലോസൈബിൻ സാന്നിധ്യമുണ്ടെങ്കിൽ ലഹരിവസ്തുവായി കണക്കാക്കാം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വയനാട്ടിൽ വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 276 ഗ്രാം മാജിക് മഷ്റൂം, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകൾ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണ് പ്രതികളിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തത്.