Hema Committee Report: മുകേഷിനെ ‘കെെ’വിടാതെ സിപിഎം; രാജിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതി
Hema Committee Report: മുകേഷ് രാജിവയക്കേണ്ടെന്ന പരസ്യ നിലപാട് നേരത്തെ തന്നെ സിപിഎം എടുത്തിരുന്നു. പിന്നാലെയാണ് മുന്നണിക്കുള്ളിലെ എതിർപ്പ് അവഗണിച്ച് മുകേഷ് രാജി വയ്ക്കേണ്ടതില്ലെന്ന തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി എടുത്തത്.
തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ പ്രതിയായ നടനും എംഎൽഎയുമായ എം മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. സംസ്ഥാന സമിതിയിൽ ഉൾപ്പെട്ട കൊല്ലത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തിയത്. പരസ്യ പ്രതികരണത്തിന് നിൽക്കരുതെന്നും മുകേഷിന് സംസ്ഥാന സമിതി നിർദേശം നൽകി. ലൈംഗിക ആരോപണങ്ങളിൽ എംഎൽഎ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേർന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. എന്നാൽ മാറി നിന്നുകൊണ്ട് മുകേഷ് അന്വേഷണത്തെ നേരിടണമെന്നും ഒരു വിഭാഗം അഭിപ്രായമുയർത്തി.
മുകേഷിനെ സിപിഎം നേതൃത്വം സംരക്ഷിച്ചതോടെ മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നത രൂക്ഷമായി. മുകേഷ് രാജിവയക്കേണ്ടെന്ന പരസ്യ നിലപാട് നേരത്തെ തന്നെ സിപിഎം എടുത്തിരുന്നു. ലെെംഗിക പീഡന കേസിൽ പ്രതിയായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധം തീർത്തത്.
തനിക്കെതിരെ ഉയർന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും എം മുകേഷ് വിശദീകരണം നൽകിയിരുന്നു. രാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി പരാതിക്കാരിക്കെതിരായ തെളിവുകൾ മുകേഷ് അഭിഭാഷകന് കെെമാറിയിരുന്നു. നടി പണം ചോദിച്ച് പല തവണ ബ്ലാക്ക്മെയിൽ ചെയ്തെന്ന വാട്സ്അപ്പ് സന്ദേശമാണ് അഭിഭാഷകന് കെെമാറിയതെന്നാണ് സൂചന. സെപ്റ്റംബർ രണ്ടിന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം ഏഴ് പേർക്കെതിരെ ലെെംഗികാരോപണവുമായി കൊച്ചി സ്വദേശിയായ നടി രംഗത്തെത്തിയത്. പിന്നീട് നടി ഇമെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയായിരുന്നു. കേസെടുത്ത അന്വേഷണ സംഘം നടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നടി മൊഴി നൽകിയത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ അമ്മയിൽ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
നടിയുടെ പരാതിയിന്മേൽ ഐപിസി 354, 509, 452 വകുപ്പുകൾ ചുമത്തി മരട് പൊലീസാണ് കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു. അതേസമയം അന്വേഷണ സംഘവുമായി സഹകരിക്കാൻ മുകേഷ് ഇതുവരെയും തയ്യാറായിട്ടില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ട കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ എംഎൽഎ ഇതുവരെയും കെെമാറിയിട്ടില്ല. താക്കോൽ ലഭിക്കാത്തതിനാൽ ഫ്ലാറ്റിൽ പരിശോധന നടത്താനാകാതെ അന്വേഷണ സംഘം മടങ്ങി.