5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election 2024 : ഇവിടെ ജനഹിതം മുഖ്യം; ത്രികോണ മത്സരം മുറുകിയ ചില മണ്ഡലങ്ങൾ

അവസാന വട്ടം ആടിയുലയുന്ന വോട്ടുകൾ തങ്ങളുടെ പേര് ചാർത്തി പെട്ടിലാക്കാനുള്ള ഒാട്ടത്തിലാണ് മൂന്നു മുന്നണികളും.

Lok Sabha Election 2024 : ഇവിടെ ജനഹിതം മുഖ്യം; ത്രികോണ മത്സരം മുറുകിയ ചില മണ്ഡലങ്ങൾ
Kerala is fully prepared for the Lok Sabha elections
aswathy-balachandran
Aswathy Balachandran | Published: 25 Apr 2024 12:21 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നാളെ കേരളം പോളിങ് ബൂത്തിലേക്ക് എത്തും. പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. ത്രികോണ മത്സരങ്ങൾ കടു കടുപ്പത്തോടെ നിൽക്കുന്ന സ്ഥലങ്ങളും ഉണ്ട്. ദേശീയ സംസ്ഥാന നേതാക്കൾ താഴേക്കിറങ്ങിവന്ന് വോട്ട് ചോദിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കേരളം ആർക്കൊപ്പം എന്ന ചോദ്യമാണ് ഇനി ബാക്കിയാവുന്നത്.

തലസ്ഥാനം ആര് ഭരിക്കും

ത്രികോണ പോരിനു സമാനമായ പോരാട്ടമാണ് തലസ്ഥാന ന​ഗരമായ തിരുവനന്തപുരത്ത്. കോൺ​ഗ്രസിനു വേണ്ടി ശശി തരൂരും ബി.ജെ.പിക്കു വേണ്ടി രാജീവ് ചന്ദ്രശേഖറും എൽ.ഡി.എഫിനു വേണ്ടി പന്ന്യൻ രവീന്ദ്രനുമാണ് കളത്തിൽ ഇറങ്ങിയിട്ടുള്ളത്. മത്സരം ആര് ആരോട് ഏറ്റുമുട്ടുന്നു എന്ന് ശശി തരൂരിനോട് ചോദിച്ചാൽ താൻ ബി.ജെ.പി.യോടാണ് മത്സരിക്കുന്നതെന്നും യു.ഡി.എഫ് – ബി.ജെ.പി മത്സരം ആണിവിടെ നടക്കുന്നതെന്നും തരൂർ പറയും. സംസ്ഥാനത്ത് ഏതു സ്ഥാനാർത്ഥിയോട് ചോദിച്ചാലും പോര് എൽ.ഡി എഫും – യു.ഡി.എഫും തമ്മിലാണ് എന്ന് പറയും. എന്നാൽ തരൂർ ഇതിൽ നിന്ന് മാറിച്ചിന്ദിക്കുന്നു. എന്നാൽ ബി.ജെപിയും എൽ.ഡി.എഫും ഇത് സമ്മതിക്കാതെ ത്രികോണ മത്സരം എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു.

കൊല്ലത്ത് ആര്

സിറ്റിങ് എംപി എൻ. കെ പ്രേമചന്ദ്രൻ സി.പി.എമ്മിനോട് ഏറ്റമുട്ടുന്നു എന്ന് അക്ഷരം തെറ്റാതെ പറയാൻ പറ്റുന്ന മണ്ഡലം. ത്രികോണ മത്സരത്തിന്റെ ചൂടില്ലെങ്കിലും കടുത്ത രാഷ്ട്രീയ പോരാട്ടമാണ് അവിടെ നടക്കുന്നത്. താരത്തിളക്കമുള്ള എൻ.ഡി.എഫിന്റെ എം. മുകേഷും ബി.ജെ.പിയുടെ കൃഷ്ണ കുമാറും.ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.‍ഡി.എഫ് കോട്ടയായ കൊല്ലത്തെ വോട്ട് എങ്ങോട്ടെല്ലാം മറിയുമെന്നത് കാണേണ്ടത് തന്നെയാണ്.

കനലെരിയുമോ ആലപ്പുഴയിൽ

കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ മത്സരിക്കുന്ന മണ്ഡലം. ഇടതുമുന്നണിയുടെ എം.പി എ.എം ആരിഫും ബി.ജെ.പിയുടെ ശക്തയായ പോരാളി ശോഭാ സുരേന്ദ്രനും ഇവിടെ മാറ്റുരക്കുന്നു. സി.പി. എമ്മിന്റെ അടിയുറച്ച കോട്ട തകരുമോ എന്നതാണ് അറിയേണ്ടത്. ദേശീയ ശ്രദ്ധനേടിയ നേതാക്കൾ മാറ്റുരയ്ക്കുമ്പോൾ വിജയം ആർക്കൊപ്പമാണ് എന്നാണ് അറിയേണ്ടത്.

തൃശ്ശൂര് എടുക്കുമോ?

കടുത്ത ത്രികോൺ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലം. പൂരത്തിന്റെ പ്രതിഷേധച്ചൂടിനൊപ്പം കൊട്ടിക്കേറിയ തിരഞ്ഞെടുപ്പ് ചൂടിൽ തൃശ്ശൂർ ആടിയുലഞ്ഞ് ഏത് മുന്നണിയിൽ എത്തിച്ചേരുമെന്ന് കണ്ടറിയണം. യു.ഡി.എഫിന്റെ കെ. മുരളീധരനും എൽ.ഡി.എഫിൻ്റെ വി.എസ്. സുനിൽക്കുമാറും ബി.ജെ.പി.യുടെ സുരേഷ് ​ഗോപിയും ഇവിടെ പയറ്റുന്നു. തൃശ്ശൂർ പൂരത്തിനിടെയുണ്ടായ പ്രതിഷേധമടക്കം ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിധിയെ ബാധിക്കുമെന്നുള്ളത് സുവ്യക്തം. നാടിനെ അറിയുന്നവരാണ് മൂവരും എന്നാണ് സ്വയം അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

കണ്ണു തെറ്റിയാൽ കൈവിട്ടു പോകുന്ന കണ്ണൂർ

സി.പി.എമ്മിന്റെ ചുവന്ന കോട്ട, എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ വലത്തേക്കു ചായുന്നതാണ് കൂടുതൽ കണ്ടിട്ടുള്ളത്. കോൺ​ഗ്രസിന്റെ സിറ്റിങ് എം.പി. കെ. സുധാകരനും സി.പി. ‌എമ്മിന്റെ എം.വി ജയരാജനും പാളയം മാറി ബി.ജെ.പിയിലെത്തിയെ സി. രഘുനാഥും ഇവിടെ മാറ്റുരക്കുന്നു.

വയനാടൻ ചുരത്തിൽ വീശുന്ന കാറ്റ്

മാവോയിസ്റ്റുകൾ വരെ വന്ന് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച മണ്ഡലം. രാഹുൽ ​ഗാന്ധിയ്ക്കൊപ്പം നിന്ന മണ്ഡലം ഇക്കുറിയും രാഹുലിനെ തുണയ്ക്കുമോ എന്ന ചോദ്യമാണ് ഇവിടെ നിന്നുയരുന്നത്. ഇടതുപക്ഷത്തിന്റെ ആനിരാജയും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും ഇവിടെ കടുത്ത മത്സരത്തിലാണ്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകരയിൽ കെ.കെ ശൈലജയ്ക്കെതിരേ ഉണ്ടായ അപകീർത്തിപ്പെടുത്തുന്ന വിഡിയോയും വ്യാജ പോസ്റ്ററുകളും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും വിധിയെഴുതും. തിരുവനന്തപുരത്തും തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലുണ്ടായ തർക്കങ്ങളും ശ്രദ്ധ നേടിയിരുന്നു. ഒപ്പം പതിവില്ലാതെ തൃശ്ശൂർ പൂരത്തിനിടെ ഉണ്ടായ പ്രശ്നങ്ങളും സ്ഥിരം തിരഞ്ഞെടുപ്പി വിഷയങ്ങളും കൂടിയാകുമ്പോൾ ജനവിധി എങ്ങനെയെന്നും ന്യൂനപക്ഷ നിഷ്പക്ഷ വോട്ടുകൾ എങ്ങോട്ടു മറിയുമെന്നും കണ്ടറിയണം.