Lok Sabha Election 2024: മലപ്പുറം ലീഗിനെ കൈവിടുമോ? ഇത്തവണ ആര് വിജയിക്കും
മലപ്പുറം ഇത്തവണ കൈവിട്ടാല്‍ അത് എന്നന്നേക്കുമായുള്ള പടിയിറക്കം ആയിരിക്കുമെന്ന പേടിയുണ്ട് പാര്‍ട്ടിക്ക്. മൂന്ന് സീറ്റ് ആവശ്യപ്പെട്ടിടത്ത് വെറും രണ്ട് സീറ്റില്‍ ഒതുങ്ങേണ്ട അവസ്ഥയായിരുന്നു ഇത്തവണ പാര്‍ട്ടിക്ക്. ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് വിധി അറിയാന്‍ ബാക്കിയുള്ളത്
മലപ്പുറം ജില്ല, അതൊരു സാമ്പത്തിക ബാധ്യതയായി സംസ്ഥാനത്തിന് മേല്‍ വീഴും എന്നൊരിക്കല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായിരുന്ന കെ കരുണാകരന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനെതിരെ കെപിസിസി പ്രമേയം പാസാക്കി. എന്നാല്‍ ഇഎംഎസ് മുഖ്യമന്ത്രിയായ കാലത്ത് മലപ്പുറം ജില്ല നിലവില്‍വന്നു. അന്ന് മുസ്ലിം ലീഗ് ഇഎംഎസിന്റെ സപ്തകക്ഷി മുന്നണിയിലായിരുന്നു. ഇന്നവര്‍ യുഡിഎഫിലാണെന്നത് മറ്റൊരു കാര്യം.
എന്നിരുന്നാലും മലപ്പുറം ജില്ലയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എത്രയൊക്കെ കുറ്റം പറഞ്ഞാലും മലപ്പുറത്തിന്റെ വളര്‍ച്ചയില്‍ ലീഗിന്റെ പങ്ക് ചെറുതല്ലെന്ന് ആരും സമ്മതിച്ചുപോകും. ഇന്നിപ്പോള്‍ 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ വിധി കാത്തിരിക്കുകയാണ് രാജ്യം. ലീഗിനെ സംബന്ധിച്ച് ഇത് അതിനിര്‍ണായകമായൊരു ഘട്ടം കൂടിയാണ്. മലപ്പുറം ഇത്തവണ കൈവിട്ടാല്‍ അത് എന്നന്നേക്കുമായുള്ള പടിയിറക്കം ആയിരിക്കുമെന്ന പേടിയുണ്ട് പാര്‍ട്ടിക്ക്. മൂന്ന് സീറ്റ് ആവശ്യപ്പെട്ടിടത്ത് വെറും രണ്ട് സീറ്റില്‍ ഒതുങ്ങേണ്ട അവസ്ഥയായിരുന്നു ഇത്തവണ പാര്‍ട്ടിക്ക്. ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് വിധി അറിയാന്‍ ബാക്കിയുള്ളത്.
മഞ്ചേരിയില്‍ നിന്ന് മലപ്പുറത്തേക്ക്
മലപ്പുറം, മലപ്പുറത്തിന് എന്നും ചെറുപ്പമല്ലേ…ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭ മണ്ഡലം ഏതാണെന്ന് ചോദിച്ചാല്‍ ഉറച്ച സ്വരത്തോടെ നമുക്ക് പറയാം അത് മലപ്പുറമാണെന്ന്. കാരണം, 2008ലെ മണ്ഡല പുനക്രമീകരണത്തിലൂടെയാണ് മലപ്പുറം ലോക്സഭ മണ്ഡലം ജനിക്കുന്നത്. അങ്ങനെ 2008ല്‍ മഞ്ചേരി പതിയെ മലപ്പുറത്തിന് വഴി മാറി കൊടുത്തു.
മലപ്പുറം ആയാലും മഞ്ചേരി ആയാലും ആ മണ്ഡലം അത് ലീഗിനുള്ളത് തന്നെയാണ്. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ട തന്നെയാണ് മലപ്പുറം. ഉയര്‍ന്ന ഭൂരിപക്ഷം നേടി തന്നെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുവരാറ്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടികെ ഹംസയെ മുന്‍നിര്‍ത്തി മഞ്ചേരി മണ്ഡലം പിടിച്ചടക്കി എന്നത് മാത്രമാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും ഏക ആശ്വാസം.
പിന്നീട് ഒരിക്കലും തങ്ങളുടെ കോട്ട ലീഗ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ഇനിയിപ്പോള്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും തങ്ങള്‍ക്ക് നേരിയ ചലനം സൃഷ്ടിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയും.
1952ല്‍ തുടങ്ങിയ പോരാട്ടം
1952ല്‍ ബി പോക്കറിലൂടെയാണ് ലീഗ് മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ അവരുടെ തേരോട്ടം ആരംഭിച്ചത്. പിന്നീട് 1957ല്‍ മഞ്ചേരി ലോക്സഭ മണ്ഡലമായി മാറിയപ്പോഴും ബി പോക്കറിലൂടെ തന്നെയാണ് ലീഗ് മണ്ഡലം നിലനിര്‍ത്തിയത്. 1962 മുതല്‍ 1971 വരെ എം മുഹമ്മദ് ഇസ്മയില്‍ ആണ് മഞ്ചേരിയില്‍ നിന്ന് ലോക്സഭയിലെത്തിയത്. ഇബ്രാഹിം സുലൈന്‍ സേട്ട് ആയിരുന്നു 1977 മുതല്‍ 1989 വരെ എംപിയായത്. അദ്ദേഹം ലീഗിന്റെ ദേശീയ നേതാവ് കൂടിയായിരുന്നു.
1991ല്‍ ഇ അഹമ്മദ് വിജയക്കൊടി പാറിച്ചു. 1999 വരെ തുടര്‍ച്ചയായി ഇ അഹമ്മദ് തന്നെയാണ് മഞ്ചേരി എംപിയായത്. എന്നാല്‍ 2004 ലീഗിന് തിരിച്ചടി നല്‍കിയ വര്‍ഷമായിരുന്നു. ആ വര്‍ഷം സിറ്റിങ് എംപിയായിരുന്ന ഇ അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി മഞ്ചേരിയില്‍ കെപിഎ മജീദിനെ മത്സരിപ്പിച്ചതാണ് ഒരുകണക്കിന് ലീഗിന് തിരിച്ചടി നല്‍കിയത്.
കെപിഎ മജീദ് മുജാഹിദ് പക്ഷക്കാരനാണെന്ന പ്രചാരണമായിരുന്നു പ്രധാനമായും ലീഗിനെ വലച്ചത്. ഇതോടെ ഇകെ വിഭാഗം സുന്നികളിലെ ഒരു വിഭാഗം വോട്ടുകള്‍ ലീഗിന് ലഭിച്ചില്ല. ഇതുമാത്രമല്ല, അന്നത്തെ ഐസ്‌ക്രീം കേസ് വിവാദങ്ങളും ടികെ ഹംസയ്ക്ക് ഉണ്ടായിരുന്ന സ്വാധീനവും തിരിച്ചടിയായി. അങ്ങനെ ചരിത്രം മാറ്റികുറിച്ചുകൊണ്ട് ചെങ്കൊടി പാറിച്ച് ടികെ ഹംസ അധികാരത്തിലെത്തി.
അങ്ങനെ വീണ്ടും മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള മടക്കയാത്രയില്‍ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. ഇ അഹമ്മദിലൂടെയായിരുന്നു അതിന് സാധിച്ചത്. 2009ലും 2014ലും ഇ അഹമ്മദ് തന്നെയാണ് മലപ്പുറത്തെ കാത്ത് സംരക്ഷിച്ചത്. അന്ന് ഇ അഹമ്മദ് വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ സൈനബയെ 1.94 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ്.
പച്ചയില്‍ കുളിച്ച നിയമസഭ മണ്ഡലങ്ങള്‍
ഏഴ് നിയമസഭ മണ്ഡലങ്ങളും ഭരിക്കുന്നത് ലീഗ് തന്നെയാണ്. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്സഭ മണ്ഡലം.
ഇ ടി മുഹമ്മദ് ബഷീറാണ് ഇത്തവണ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. അദ്ദേഹത്തിലൂടെ വീണ്ടും വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ലീഗ്. മലപ്പുറത്തെ സിറ്റിങ് എംപിയായിരുന്ന സമദാനിയെ പൊന്നാനിയിലേക്ക് മാറ്റി പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി മത്സരിപ്പിക്കുകയായിരുന്നു. ഇ ടി മുഹമ്മദ് ബഷീറിന്റെ ജന്മനാടായ വാഴക്കാട് ഉള്‍പ്പെടുന്ന മണ്ഡലം കൂടിയാണ് മലപ്പുറം.
ഇ ടി മുഹമ്മദ് ബഷീറിനെ നേരിടാന്‍ കരുത്തനായ വി വസീഫിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനേക്കാളും മുസ്ലിം ലീഗിനേക്കാളും നല്ലത് സിപിഎം ആണ് നല്ലതെന്ന വികാരം വോട്ടര്‍മാര്‍ക്കിയിലുണ്ടെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം.