5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ലോക്സഭാ തിരഞ്ഞെടുപ്പ്: ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

ജുമുഅ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ചയിൽ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇകെ വിഭാഗം സമസ്ത ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്: ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത
neethu-vijayan
Neethu Vijayan | Published: 20 Apr 2024 09:18 AM

കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയം ക്രമീകരിക്കാൻ നടപടിയുമായി ഇകെ വിഭാഗം സമസ്ത. ജുമുഅ നമസ്കാരത്തിന്റെ പേരിൽ വോട്ടെടുപ്പിൽ നിന്ന് ആരും വിട്ടുനിൽക്കാതിരിക്കാനാണ് സമസ്തയുടെ ഇടപെടൽ. ജുമുഅ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ചയിൽ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇകെ വിഭാഗം സമസ്ത ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ ഇകെ വിഭാഗം സമസ്ത മുൻകൈയെടുത്തിരിക്കുന്നത്. സംഘടനക്ക് കീഴിലുള്ള മുഴുവൻ പള്ളികളിലും നമസ്കാര സമയം ക്രമീകരിക്കാനുള്ള നിർദേശം നേതൃത്വം മഹല്ലുകൾക്ക് നൽകിയിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരമുൾപ്പെടെ നടക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളിൽ ഇത് വ്യത്യസ്ഥ സമയമാക്കണമെന്നാണ് നിർദേശം.

പള്ളികളിൽ ചുമതലയുള്ള ഖത്തീബുമാരിൽ തിരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളവരുണ്ടെങ്കിൽ പകരം ആളുകളെ മുൻകൂട്ടി കണ്ടെത്തണമെന്ന നിർദേശം സമസ്തക്കു കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലു ഭാരവാഹികൾക്ക് നൽകിയിട്ടുണ്ട്.വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകൾക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിർദേശം നൽകി.