Lok Sabha Election Results 2024: അന്ന് കോട്ടയം കൈവിട്ട സ്ഥാനാർഥിക്ക് പിന്നെ കൈ കൊടുത്ത പത്തനംതിട്ട
2008-ൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവിൽ വന്നതിൽ പിന്നെ അവിടെ മറ്റൊരു ജേതാവ് ഉണ്ടായിട്ടില്ല
ഒന്നു ചീഞ്ഞ് മറ്റൊന്നിന് വളമാകുകയെന്നതൊരു പ്രകൃതി നിയമമാണ്. 2004-ൽ കോട്ടയത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിച്ച ആൻ്റോ ആൻ്റണി എൽഡിഎഫിൻറെ സുരേഷ് കുറുപ്പിനോട് തോറ്റു. തോൽവിയിൽ നിന്നും പാഠം ഏറ്റു വാങ്ങിയിട്ടാവണം. 2009-ൽ പത്തനംതിട്ടയിൽ നെഞ്ചും വിരിച്ചു നിന്നു വിജയിച്ചു.
പിന്നെയൊരു 15 വർഷം പത്തനംതിട്ടക്കാർ മറ്റൊന്നും നോക്കാതെ ആന്റോയെ തന്നെ തിരഞ്ഞെടുത്തത് അത്ര വലുതല്ലെങ്കിലുമൊരു ചരിത്രമാണ്.
2008-ൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവിൽ വന്നതിൽ പിന്നെ അവിടെ മറ്റൊരു ജേതാവ് ഉണ്ടായിട്ടില്ല. ഇത് പാലായും, ഏറ്റുമാനൂരും കടുത്തുരുത്തിയും ചേരുന്ന കോട്ടയമാ.. എന്ന ചലച്ചിത്ര ഡയലോഗ് പോലെ തന്നെ. കാഞ്ഞിരപ്പള്ളിയും, പൂഞ്ഞാറും, തിരുവല്ലയും റാന്നിയും ആറൻമുളയും കോന്നിയും പിന്നെ അടൂരും ചേരുമ്പോൾ മണ്ഡലം പത്തനംതിട്ടയായി.
ഒരൊറ്റ ആൻ്റോ….
2009-ലെ രാഷ്ട്രീയ സാഹചര്യമല്ല 2024-ൽ എത്തുമ്പോൾ ആൻ്റോ ആൻ്റണിയെ കാത്തിരിക്കുന്നത്. സിപിഎമ്മുകാരോ അല്ലെങ്കിൽ എൽഡിഎഫിലെ ഘടക കക്ഷികളോ മാത്രം ഭരിക്കുന്ന നിയമസഭാ മണ്ഡലങ്ങളുള്ള പത്തനംതിട്ടയാണ് ഇപ്പോഴുള്ളത്. പണ്ട് ചെറിയ വ്യത്യാസങ്ങളിൽ 4-3 എന്ന കണക്കിലുള്ളതായിരുന്നെങ്കിൽ ഇന്നത് 7 ഉം എൽഡിഎഫിൻറെ കയ്യിലുള്ള മണ്ഡലങ്ങളാണ്. ഇവിടെയൊക്കെയും നോക്കിയാൽ സാമുദായിക വോട്ടുകൾ മുതൽ കൈ മറിയുന്ന വോട്ടുകൾ വരെ ക്രൂഷ്യൽ ഫാക്ടറുകളായേക്കാം.
അന്ന വീണ ജോർജ് തോറ്റു
സിറ്റിങ്ങ് എംഎൽഎയെ നിർത്തിയാണ് 2019-ൽ സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ 2024-ൽ അത് പ്രബലനായ ടിഎം തോമസ് ഐസക്കിനെയും കൊണ്ടാണ്. സഭാ വോട്ടുകളിൽ ചോർച്ചയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ 2019-ൽ വീണ ജോർജ് തന്നെ മണ്ഡലത്തിൽ ജയിച്ചേനെ അന്ന് വെറും 44,243 വോട്ടുകൾക്കാണ് എൽഡിഎഫിന് മണ്ഡലം കൈമോശം വന്നത്. കേന്ദ്രത്തിലെ രാഹുൽ ഗാന്ധി ട്രെൻഡ് 2019-ൽ വിനയായെന്ന് ഒരു വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നു.
വളരുന്ന ബിജെപി
ബി രാധാകൃഷ്ണ മേനോനും, എംടി രമേശും, കെ സുരേന്ദ്രനുമാണ് മണ്ഡലത്തിൽ ഇതുവരെ നിന്ന ബിജെപി സ്ഥാനാർഥികൾ 56,294-ൽ തുടങ്ങിയ വോട്ട് ഷെയർ 2019-ൽ എത്തിയപ്പോഴേക്കും 2,97,396 എന്ന വലിയ നമ്പരിലേക്ക് എത്തി. അതു കൊണ്ട് തന്നെ ബിജെപിയുടെ വളരെ പ്രകടമായ വളർച്ച പത്തനംതിട്ട ലോക്സഭാമണ്ഡലത്തിലുണ്ട്.
സ്ഥാനാർഥികൾ
എൽഡിഎഫിനായി തോമസ് ഐസക്കും, യുഡിഎഫിനായി ആൻ്റോ ആൻ്റണിയും, എൻഡിഎ (ബിജെപി)യ്ക്കായി അനിൽ ആൻറണിയും തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. വിജയിക്കുകയെന്നത് തന്നെ എല്ലാവരുടെയും ലക്ഷ്യം അതിൽ കുറഞ്ഞ് സ്വപ്നങ്ങളൊന്നുമില്ലെന്ന് ആൻറോ ആൻറണി തന്നെ പറഞ്ഞു കഴിഞ്ഞു.
വിവാദങ്ങൾ മുട്ടിയാൽ
പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെ നാക്കു പിഴകളാണ് ഏറ്റവും അധികം ചർച്ചയായത്. കെ സുധാകരന് പകരം പ്രസംഗ വേദിയിലേക്ക് കെ സുരേന്ദ്രനെ ക്ഷണിച്ചു പോയ അബദ്ധം നിസ്സാരമാവാമെങ്കിലും പത്ര സമ്മേളനത്തിൽ പറഞ്ഞ പാകിസ്ഥാൻ അനുകൂല നിലപാടു മുതൽ ചർച്ചകൾ പലതാണ്.
കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആൻറണിയും എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം തന്നെയാണ്. അന്ന് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് എതിരെ പ്രചാരണത്തിനിറങ്ങിയ അനിൽ ആൻറണി ഇന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണെന്നത് ചരിത്രം. കഷ്ടിച്ച് ഒരാഴ്ച കൂടി കഴിഞ്ഞാൽ ഇനി കാണം പത്തനംതിട്ടയുടെ പുതിയ തിരഞ്ഞെടുപ്പ് ചരിത്രം.