5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണം ഉഷാർ ; പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാഫൈനൽ ഇന്ന് തിരുവനന്തപുരത്ത്

തിരഞ്ഞെടുപ്പ് അടുത്തതോടെ വൻ പ്രചാരണ പരിപാടികളും ബോധവത്ക്കരണ പ്രവർത്തനങ്ങളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. വ്യാജ പ്രചരണം തടയാനും നടപടികൾ ശക്തമായി സ്വീകരിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണം ഉഷാർ ; പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാഫൈനൽ ഇന്ന്  തിരുവനന്തപുരത്ത്
വോട്ടെടുപ്പ് (image credits: social media)
aswathy-balachandran
Aswathy Balachandran | Updated On: 23 Apr 2024 09:48 AM

തിരുവനന്തപുരം: സംസ്ഥാനം പോളിങ് ബൂത്തിലേക്കെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബോധവത്ക്കരണ നടപടികൾ ഊർജ്ജിതമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും രം​ഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാഫൈനൽ ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരുവനന്തപുരം ശംഖുമുഖത്തെ സുനാമി പാർക്കിൽ വൈകിട്ട് ആറ് മണിക്കാണ് മത്സരം നടക്കുക. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മൽസരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽ നിന്ന് പ്രിലിമിനറി മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്ന ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മാറ്റുരയ്ക്കുക. വൈകിട്ട് 4 മണിക്ക് പ്രിലിമിനറി മത്സരം ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള രണ്ട് പേരടങ്ങിയ ടീമുകൾ ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി നടന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുത്തിരുന്നു. പ്രായ, ലിംഗഭേദമന്യേ ഒട്ടേറെ പേർ പങ്കെടുത്ത ക്വിസ് മത്സരങ്ങളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. 19 വയസ്സു മുതൽ 65 വയസ്സുവരെ പ്രായമുള്ളവർ മത്സരങ്ങളിൽ പങ്കെടുത്തു. മെഗാ ഫൈനലിലേക്ക് ആറ് നഗരസഭകളിൽ നിന്ന് വിജയിച്ചെത്തിയവരിൽ ഭാര്യയും ഭർത്താവും അടങ്ങിയ ടീമും അച്ഛനും മകനും അടങ്ങിയ ടീമുമുണ്ട്. പ്രാഥമിക ഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും.
മെഗാ ഫൈനലിലെ വിജയികൾക്ക് 10,000 8000, 6000 രൂപ യഥാക്രമം സമ്മാനം ലഭിക്കും.1951 മുതൽ 2024 വരെയുള്ള ഇന്ത്യയിലെയും കേരളത്തിലെയും തിരഞ്ഞെടുപ്പ് ചരിത്രം, രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ, സ്വതന്ത്ര്യസമരം, പ്രദേശിക ഭരണകൂടങ്ങൾ എന്നിവ അടങ്ങിയ ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് ക്വിസ് മൽസരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധി സർവകലാശാലയിലെ സെക്ഷൻ ഓഫീസർ ടെസിൻ സൈമണാണ് ക്വിസ് മാസ്റ്റർ.

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആണ് നിർദ്ദേശം നൽകിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളിൽ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങൾക്ക് വിവരം നൽകാം.

പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം

തിരഞ്ഞെടുപ്പ് അടുത്തതോടെ വൻ പ്രചാരണ പരിപാടികളും ബോധവത്ക്കരണ പ്രവർത്തനങ്ങളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. വ്യാജ പ്രചരണം തടയാനും നടപടികൾ ശക്തമായി സ്വീകരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം എം.സി.എം.സി മുൻകൂട്ടി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിൽ അച്ചടി മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങൾ കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുൻകൂർ അനുമതി ആവശ്യപ്പെടുന്നത്.