Loan App Death: ആരതി ലോൺ എടുത്തത് റമ്മി കളിക്കാൻ; പണം തിരിച്ചടച്ചില്ല, ഒടുവിൽ ഭർത്താവിന് നഗ്ന ദൃശ്യങ്ങള്‍ അയച്ച് മാഫിയ സംഘം
Perumbavoor Loan App Death : ഉത്തരേന്ത്യന്‍ ലോണ്‍ ആപ്പ് സംഘമാണ് യുവതിയെ ഭീഷിണിപ്പെടുത്തിയത്. ഒന്നിലധികം ലോൺ ആപ്പുകളാണ് യുവതി ഉപയോഗിച്ചിരുന്നത്. ഈസി ലോൺ, ഇൻസ്റ്റ ലോൺ തുടങ്ങിയ പ്രമുഖ ഇൻസ്റ്റൻ്റ് ലോൺ ആപ്ലിക്കേഷനുകളും ആരതിയുടെ ഫോണിലുണ്ടായിരുന്നു
കൊച്ചി: പെരുമ്പാവൂരില്‍ യുവതി ആത്മഹത്യ ചെയ്യാന്‍ കാരണം ഉത്തരേന്ത്യന്‍ ലോണ്‍ ആപ്പ് (Loan App Death) സംഘത്തിൻ്റെ ഭീഷണിയെന്ന് പോലീസ്. യുവതി നല്‍കിയ പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് സംഘം നഗ്ന ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയത്. ലോണ്‍ ആപ്പ് സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയമിച്ചു. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ ഉള്‍പ്പെടെയുള്ള അഞ്ചോളം ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്.
ലോൺ എടുത്തത് റമ്മി കളിക്കാൻ
യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ലോണ്‍ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനായി റമ്മി കളിച്ച് സാമ്പത്തിക നേട്ടമുണ്ടായതോടെയാണ് ആരതി ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. റമ്മി കളിച്ച് സാമ്പത്തിക നേട്ടമുണ്ടായെങ്കിലും പണം നഷ്ടമാകുന്നത് പതിവായി. ഇതോടെയാണ് ലോണ്‍ ആപ്പുകളില്‍ നിന്ന് പണം വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ഒരു ലക്ഷം രൂപ വായ്പയെടുക്കാനായി പതിനായിരം രൂപ പ്രോസസിങ് ഫീസ് ഇനത്തില്‍ നൽകിയെങ്കിലും പണം ലഭിച്ചില്ല. പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് യുവതിയെ സംഘം ഭീഷണിപ്പെടുത്തിയത്.
ALSO READ : Loan App: വീണ്ടും ജീവനെടുക്കുന്ന ഓൺലൈൻ ലോൺ ആപ്പ്; എറണാകുളത്ത് യുവതി ജീവനൊടുക്കി
വായ്പ തിരിച്ചടച്ചില്ല
മുമ്പ് വായ്പയെടുത്ത പണം ഉടന്‍ തിരിച്ചടയ്ക്കണമെന്ന് സംഘം യുവതിയെ ഭീഷണിപ്പെടുത്തി. പണം അടയ്ക്കാതെ വന്നതോടെ യുവതിയുടെയും വിദേശത്തുള്ള ഭര്‍ത്താവിൻ്റെയും ഫോണുകളിലേക്ക് ആരതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തി. അനുമതി നല്‍കിയാല്‍ മാത്രമേ ഫോണ്‍ ഗാലറിയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ആപ്പുകൾക്ക് ശേഖരിക്കാന്‍ കഴിയൂ. ഇതിലൂടെ ആരതിയുടെ ചിത്രങ്ങളും മറ്റും ലോണ്‍ ആപ്പുകള്‍ ശേഖരിച്ചെന്നാണ് പോലീസിൻ്റെ നിഗമനം.
ഓഗസറ്റ് 19-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പെരുമ്പാവൂരില വേങ്ങൂരിലെ വസതിയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അയൽവാസികളോട് സംസാരിച്ചതിന് ശേഷം വീട്ടിലേക്ക് പോയ യുവതി മാതാപിതാകള്‍ക്കും മക്കൾക്കും ഭക്ഷണം നല്‍കിയതിന് ശേഷമാണ് കിടപ്പുമുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. ഏറെ നേരം ആയിട്ടും ആരതി വാതില്‍ തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ട് മാസം മുമ്പാണ് ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് അനീഷ് ഇന്നലെ ഓഗസ്റ്റ് 20-ാം തീയതി പുലര്‍ച്ചെ നാട്ടിലെത്തി.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)