Sharon Raj Murder Case: കേരളത്തില്‍ അവസാന വധശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്; ശിക്ഷ കാത്ത് ജയില്‍ കഴിയുന്നവര്‍ 39 പേര്‍
Total Number of People Sentenced to Death in Kerala: മൂക്കന്നൂര്‍ കൂട്ടക്കൊല പ്രതികള്‍ക്കും വധശിക്ഷയാണ് ലഭിച്ചത്. സാധാരണക്കാര്‍ മാത്രമല്ല മുന്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ട് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതിയായ എ എസ് ഐ ജിതകുമാറാണത്. ഇതേ കേസില്‍ തന്നെ ശിക്ഷിക്കപ്പെട്ടിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ രാജിന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവരുടെ എണ്ണം 39 ആയി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് സാധാരണയായി നീതിപീഠം പ്രതിക്ക് വധശിക്ഷ വിധിക്കാറുള്ളത്. പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന ഘട്ടത്തില്‍ വധശിക്ഷ നല്‍കും.
കേരളത്തില്‍ ആകെ 39 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് തൂക്കുകയറിന് വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് തൂക്കുകയറിന് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും ഗ്രീഷ്മ തന്നെയാണ്.
വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയ കോവളം സ്വദേശി റഫീഖ ബീവി, കൊല്ലം വിധുകുമാരന്‍ തമ്പനി വധക്കേസ് പ്രതി തമ്പിയുടെ ഭാര്യ ബിനിത കുമാരി എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് സ്ത്രീകള്‍. എന്നാല്‍ ബിനിതയുടെ ശിക്ഷ മേല്‍ക്കോടതി പിന്നീട് ജീവപര്യന്തമാക്കി കുറച്ചിരുന്നു.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ് റഫീഖ ബീവിക്കും ഗ്രീഷ്മയ്ക്കും വധശിക്ഷ വിധിച്ചത്. ജഡ്ജ് എ എം ബഷീറായിരുന്നു ഇരുവരുടെയും കേസ് പരിഗണിച്ചതും.
കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 15 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ കേസിലാണ് സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ആലുവയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കും കോടതി വധശിക്ഷയാണ് വിധിച്ചത്.
മൂക്കന്നൂര്‍ കൂട്ടക്കൊല പ്രതികള്‍ക്കും വധശിക്ഷയാണ് ലഭിച്ചത്. സാധാരണക്കാര്‍ മാത്രമല്ല മുന്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ട് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതിയായ എ എസ് ഐ ജിതകുമാറാണത്. ഇതേ കേസില്‍ തന്നെ ശിക്ഷിക്കപ്പെട്ടിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കും ലഭിച്ചത് വധശിക്ഷ തന്നെ.
എന്നാല്‍ ഇത്രയും പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വം കേസുകളിലാണ്. തിരുവനന്തപുരത്തും കണ്ണൂരുമുള്ള സെന്‍ട്രല്‍ ജയിലുകളിലാണ് നിലവില്‍ കഴുമരമുള്ളത്.
34 വര്‍ഷം മുമ്പ് കണ്ണൂരിലാണ് അവസാന വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെ 1991ലാണ് തൂക്കിക്കൊന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാന കഴുവേറ്റല്‍ നടന്നത് 1974ലാണ്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് കൊന്നത്.
പല കേസുകളിലും മേല്‍ക്കോടതി ശിക്ഷ ഇളവ് നല്‍കുന്നതാണ് പതിവ്. രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ച് വധശിക്ഷ ഒഴിവാക്കുന്ന കേസുകളുമുണ്ട്. 2020ല്‍ നിര്‍ഭയ കേസില്‍ നാലുപേരെ തൂക്കിക്കൊന്നതാണ് രാജ്യത്ത് നടപ്പാക്കിയ അവസാന വധശിക്ഷ.